തൃശൂർ: ജില്ലയിൽ അനധികൃത ഗ്യാസ് വിൽപ്പനയ്‌ക്കെതിരെ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. വടക്കെക്കാട് വൈലേരി പീടികയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും ഒരു കടയിൽ അനധികൃതമായി സൂക്ഷിച്ച 292 സിലിണ്ടറുകൾ കണ്ടെടുത്തു. സിലിണ്ടറുകൾ പിടിച്ചെടുത്ത കേസിൽ ഗ്യാസ് ഏജൻസികളോട് കളക്ടർ വിശദീകരണം തേടി. അനധികൃത വിൽപ്പന നിറുത്തലാക്കുന്നതിനൊപ്പം ഇവർക്ക് കൂട്ടുനിൽക്കുന്ന ഗ്യാസ് ഏജൻസികളുടെ ലൈസൻസ് പിൻവലിക്കുമെവന്നും കളക്ടർ പറഞ്ഞു.
ഗുരുവായൂരിലെ ഐ.ഒ.സി.എല്ലിന്റെ വിതരണത്തിലുള്ള സിലിണ്ടറുകളാണ് ഇവിടെ അനധികൃതമായി വിൽപ്പന നടത്തിയിരുന്നത്. സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടയിൽ നിന്നും 23 സിലിണ്ടറുകളും ഒഴിഞ്ഞ പറമ്പിൽ നിന്ന് 266 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്. തുടർന്ന് 2020 മേയ് മാസത്തിലും ഇതേ സ്ഥലത്ത് നിന്ന് സിവിൽ സപ്ലൈസ്, നികുതി വിഭാഗങ്ങൾ ചേർന്ന് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനയ്‌ക്കെത്തിച്ച 514 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തിരുന്നു.
വടക്കെക്കാട് പ്രവർത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തിന് സമീപത്ത് നിറുത്തിയിട്ട നാല് ലോറികളിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ ഏജൻസികളോട് കളക്ടർ വിശദീകരണം തേടിയത്. ഏജൻസി ഉടമകളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കാൻ എണ്ണകമ്പനികൾക്ക് കളക്ടർ നിർദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ എ. അയ്യപ്പദാസ്, ബി.പി.സി.എൽ, ഐ.ഒ.സി.എൽ പ്രതിനിധികൾ, ചാവക്കാട്, തൃശൂർ താലൂക്കുകളിലെ ഗ്യാസ് ഏജൻസി ഉടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അനധികൃത ഗ്യാസ് വിൽപ്പന ജില്ലയിൽ വർദ്ധിച്ചുവരുന്നുണ്ട്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
- എസ്. ഷാനവാസ്, കളക്ടർ