തൃശൂർ: ജില്ലയിലെ പട്ടിക വർഗ കോളനികളിൽ പഞ്ചായത്ത് ജീവനക്കാരുടെ വക 100 ടി.വികൾ,​ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സംരഭത്തിന്റെ വിതരണോദ്ഘാടനം നാളെ നടത്തറ പഞ്ചായത്തിലെ മുരിക്കുംകുണ്ട് പട്ടികജാതി കോളനിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.

കടവല്ലൂർ വട്ടമാവ് കോളനി, പഴയന്നൂർ തേക്കിൻകാട് പട്ടികജാതി കോളനി, കയ്പമംഗലം അയിരൂർ കോളനി, എറിയാട് എസ്.സി സാംസ്‌കാരിക നിലയം, ആളൂർ പഞ്ഞപ്പള്ളി കോളനി എന്നീ സ്ഥലങ്ങളിലും നാളെ ടി.വി വിതരണം നടക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ആറ് ഓഡിറ്റ് യൂണിറ്റുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെ ജീവനക്കാർ സംഭാവന നൽകിയാണ് ഇതിന് തുക കണ്ടെത്തുന്നത്.

ജില്ലയിലെ പിന്നാക്കം നിൽക്കുന്നതും പഠനസൗകര്യം ഇല്ലാത്തതുമായ കോളനികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് സഹായം നൽകുന്നത്. സൗകര്യപ്രദമായ അംഗൻവാടികളിലോ, പൊതുജന കേന്ദ്രങ്ങളിലോ ആണ് ടി.വി സ്ഥാപിക്കുക. ജൂൺ മാസത്തിൽ തന്നെ അവശേഷിക്കുന്ന ടി.വികളും വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ് എ.വി, എ.ഡി.പി പ്രസാദ് പി.ടി എന്നിവർ അറിയിച്ചു.