കൊടകര: വായനപക്ഷാചരണത്തിന് മാറ്റുകൂട്ടാൻ കൊടകര പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ മൺമറഞ്ഞ കവികളുടെ ഛായാചിത്രങ്ങളും കവിതാകുറിപ്പുകളും അണിനിരന്നു. ഗ്രന്ഥശാലയിലെ പുസ്തക റാക്കുകളിലെ അരികുവശത്താണ് സ്ഥാപിച്ചത്. ഒമ്പത് ബോർഡുകളിലായി ഇരുപത്തിയെട്ട് പ്രതിഭകളെ ആലേഖനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനം പടുത്തുയർത്താൻ ജീവിതം സമർപ്പിച്ചവർക്ക് പ്രണാമം എന്ന ആദരവോടെ പി.എൻ. പണിക്കർ, ഐ.വി. ദാസ്, കെ.പി. എൻ നമ്പീശൻ എന്നിവരാണ് ആദ്യ ബോർഡിൽ. തുടർന്ന് എഴുത്തച്ഛൻ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, വൈലോപ്പിള്ളി, എൻ.എൻ. കക്കാട്, പി. കുഞ്ഞിരാമൻ നായർ, വയലാർ, ഇടശ്ശേരി, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻ പിള്ള, എ.അയ്യപ്പൻ, കടമ്മനിട്ട രാമകൃഷ്ണൻ, അയ്യപ്പപ്പണിക്കർ, ആറ്റൂർ രവിവർമ്മ, ബാലാമണിയമ്മ, മാധവിക്കുട്ടി, നന്ദിത, പി. ഭാസ്‌കരൻ, പാലാ നാരായണൻ നായർ, കുഞ്ഞുണ്ണി, ഒ.എൻ.വി കുറുപ്പ്, ഡി. വിനയചന്ദ്രൻ, മുല്ലനേഴി എന്നിവരുടെ ഛായാചിത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കൊടകര പഞ്ചായത്ത് 2019 - 2020 സാമ്പത്തിക വർഷത്തെ ഗ്രന്ഥശാല നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മൃതി ബോർഡുകൾ സ്ഥാപിച്ചത്. കവിതാ കുറിപ്പുകൾ തെരഞ്ഞെടുത്തത് ലൈബ്രേറിയൻ ജയൻ അവണൂരാണ്.