പുതുക്കാട്: പാഴായിവാര്യത്തു പ്രേമന്റെ മകൾ സ്വാതികൃഷ്ണയ്ക്ക് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥിന്റെ ഇടപെടലിനെ തുടർന്ന് ഇനി വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം. നെന്മണിക്കര പഞ്ചായത്തിലെ പാഴായിയിലെ വീട്ടിൽ വൈദ്യുതിയും ടി.വിയും ഇല്ലാത്തതിനാൽ സ്വാതിയ്ക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമായിരുന്നില്ല. പഠനം മുടങ്ങാതിരിക്കാൻ പിന്നീട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അംഗൻവാടിയിൽ ടി.വിയും കേബിൾ കണക്ഷനും എത്തിച്ച് സൗകര്യം ഒരുക്കിയിരുന്നു. പഠന സൗകര്യം വിലയിരുത്താൻ മന്ത്രി കഴിഞ്ഞ ദിവസം അംഗൻവാടി സന്ദർശിച്ചിരുന്നു. സമ്പൂർണ്ണ വൈദ്യുതീകരണ മണ്ഡലമായ പുതുക്കാട് കൂലിപ്പണിക്കാരനായ പ്രേമന്റെ വീട്ടിൽ വൈദ്യുതി ഇല്ലെന്നറിഞ്ഞ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വൈദ്യുതി മന്ത്രി എം.എം. മണിയുമായി ബന്ധപെട്ടാണ് നടപടികൾ സ്വീകരിച്ചത്. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റുകൾ സ്ഥാപിച്ച് വീട്ടിലേക്ക് വൈദ്യുതി എത്തിച്ചു. പൊതു പ്രവർത്തകനും വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡന്റുമായ ജോസ് തെക്കേതല എൽ.ഇ.ടി ടി.വിയും വാങ്ങി നൽകി. ഇതോടെയാണ് സ്വാതിക്ക് ഓൺലൈൻ പഠനം വീട്ടിലേക്ക് മാറ്റാനായത്.
സഹോദരങ്ങൾ തമ്മിലുള്ള വസ്തു തർക്കം മൂലം ഇവർ താമസിക്കുന്ന വീടിന്റെ കൈവശ രേഖകൾ പ്രേമന് ലഭ്യമല്ലാത്തതായിരുന്നു ഇതുവരെയും വൈദ്യുതി എത്താൻ തടസമായത്. ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി വൈദ്യുതീകരണവും പൂർത്തീകരിക്കാനായി.