വാടാനപ്പിള്ളി: തളിക്കുളം, നാട്ടിക പഞ്ചായത്തുകളിലെ പുഴയോര മേഖലയിൽ ടാപ്പുകളിൽ കുടിവെള്ളം എത്തിയിട്ട് 20 ദിവസം പിന്നിട്ടു. കാലവർഷത്തിലും പുഴയോര നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പുളിയംതുരുത്ത്, കലാഞ്ഞി, പുലാമ്പുഴ, മുറ്റിച്ചൂർ, ചെമ്മാപ്പിള്ളി മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്.

വേനൽ കാലത്ത് കിണറുകളിൽ ഉപ്പുവെള്ളമായതിനാൽ പ്രദേശവാസികൾ ഏറെയും വാട്ടർ അതോറിറ്റിയുടെ ടാപ്പുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ മൂന്നാഴ്ചയായി ടാപ്പുകളിൽ വെള്ളമില്ല. ഇതു മൂലം പുഴയോര നിവാസികൾ പ്രയാസപ്പെടുകയാണ്. ശേഖരിച്ച വെള്ളം കഴിഞ്ഞതോടെ പലരും മഴവെള്ളം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. ചിലർ പണം മുടക്കി വാഹനത്തിൽ വെള്ളം കൊണ്ടുവരുകയാണ്.

ടാങ്ക് വെള്ളത്തിന് 500 രൂപയാണ് വില. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി എ.ഐ.ടി.യു.സി നാട്ടിക മണ്ഡലം പ്രസിഡന്റ് എം.എസ്. ജോഷി കളക്ടർക്ക് പരാതി നൽകി. കൃത്യ സമയത്ത് വാൽവുകൾ തുറന്നു വിടാത്തതും,​ വാട്ടർ അതോറിറ്റി ഓഫീസിലെ ചില ജീവനക്കാരും സ്വകാര്യ കുടിവെള്ള ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് കുടിവെള്ള ക്ഷാമം നേരിടാൻ കാരണമെന്നും പരാതിയിൽ പറയുന്നു.