തൃശൂർ: പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ പോസിറ്റീവായത് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ. കൊവിഡ് പോസിറ്റീവായത് 12 പശ്ചിമ ബംഗാൾ സ്വദേശികൾക്കാണ്. പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തര പ്രവൃത്തിക്കായി ജൂൺ 15ന് എൽ ആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർ.
ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാവരും വന്നതുമുതൽ ചാലക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാൽ കെ.എസ്.ഇ.ബി നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേർ നിലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ തുടരുകയാണ്. ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകിയ വരന്തരപ്പിളളി സ്വദേശിയായ 38കാരന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.