ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രവൃത്തിക്ക് ഇന്നു മുതൽ വീണ്ടും തുടക്കം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭണ്ഡാരങ്ങൾ എണ്ണുന്നതിന് കളക്ടറുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്. ഫെബ്രുവരിക്കുശേഷം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ എണ്ണിയിട്ടില്ല. ഒടുവിൽ ഫെബ്രുവരി 15ന് ഭണ്ഡാരം എണ്ണിയപ്പോൾ 3.48 കോടിയായിരുന്നു വരവ്. കൂടാതെ 3.612 കിലോ സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചിരുന്നു.

കോവിഡിനെ തുടർന്ന് മാർച്ച് 21നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ചത്. ലോക്ഡൗണിൽ ഇളവ് വന്നപ്പോൾ ജൂൺ മൂന്നുമുതൽ ക്ഷേത്രസന്നിധിയിൽ വിവാഹം നടത്തുന്നതിന് അനുമതി നൽകി. ഒമ്പതിന് ഭക്തർക്ക് ദർശനവും അനുവദിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കായിരുന്നു ദർശന സൗകര്യം ഉണ്ടായിരുന്നത്.

പിന്നീട് കൊവിഡ് നിയന്ത്രണം വീണ്ടും കർശനമാക്കിയപ്പോൾ വിവാഹങ്ങളും ദർശനവും 13ന് നിറുത്തിവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 50ൽ താഴെ കല്യാണം മാത്രമാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് 500 ൽ താഴെ ആളുകളാണ് ദർശനം നടത്തിയത്. ഇപ്പോൾ ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ നിന്ന് തൊഴാൻ മാത്രമാണ് അനുമതിയുള്ളത്.

നിർദേശങ്ങൾ

കനറാ ബാങ്കുമായി സഹകരിച്ചാണ് ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നത്

ഭണ്ഡാരം എണ്ണുന്ന ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണത്തിന് നിർദേശം

60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ എണ്ണുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും

ഭണ്ഡാരങ്ങളും നിക്ഷപങ്ങളും അണുവിമുക്തമാക്കിയ ശേഷമേ എണ്ണുകയൂള്ളൂ