തൃശൂർ: ജില്ലയിൽ കൊവിഡ് സമൂഹവ്യാപനമില്ലെന്നും നിയന്ത്രണം ശക്തമാക്കാനും ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലയിൽ സമൂഹവ്യാപനമില്ലെന്ന് യോഗം വിലയിരുത്തി. ബംഗാളിൽ നിന്ന് എത്തി ക്വാറന്റൈനിലിരിക്കെ കൊവിഡ് പോസിറ്റിവായ 12 തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ച് നൽകിയ വരന്തരപ്പിളളി സ്വദേശിക്കാണ് ബുധനാഴ്ച സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
മറ്റൊരാൾ ബംഗളൂരുവിൽ നിന്നും വരുന്ന വഴി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായ കരുപ്പടന്ന സ്വദേശിയാണ്. എന്നാൽ കൊവിഡ് 19 വ്യാപനം തടയാൻ ജാഗ്രത ശക്തമാക്കണമെന്ന് യോഗം തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി കൈകൊളളും. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ചാൽ കേസെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ശക്തമാക്കാൻ ജില്ലാ പൊലീസ് അധികൃതർക്ക് കളക്ടർ എസ്. ഷാനവാസ് നിർദ്ദേശം നൽകി.
സാമൂഹിക അകലം കുറഞ്ഞത് ഒരു മീറ്ററെങ്കിലും പാലിക്കണം. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല. വീടുകൾ തോറും കയറിയിറങ്ങിയുളള കച്ചവടം പാടില്ല. യോഗത്തിൽ കളക്ടർ എസ്. ഷാനവാസ്, സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവികളായ ആർ. ആദിത്യ, ആർ. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.