തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ഒ.പി തുടങ്ങി. ഒ.പി അനക്‌സിലെ ആദ്യത്തെ ഒ.പി ടിക്കറ്റ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് രോഗിക്ക് കൈമാറി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇനി മുതൽ നെഞ്ചുരോഗാശുപത്രിക്ക് പിറകുവശമുള്ള ചൈൽഡ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ താഴത്തെ നിലയിൽ ജനറൽ മെഡിസിൻ, പൾമണോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളുടെ ഒ.പിയും ഒന്നാം നിലയിൽ കുട്ടികളുടെ ചികിത്സക്കായുള്ള ഒ.പിയും പ്രവർത്തിക്കും.

മാനസികാരോഗ്യ വിഭാഗം ഒ.പി ജെറിയാട്രിക് കെയർ സെന്ററിലേക്ക് മാറ്റി. ഒ.പി രാവിലെ 8 മുതൽ 12 വരെയായിരിക്കും. ഒ.പി ടിക്കറ്റ്, രക്ത പരിശോധന, ഇ.സി.ജി, ഫാർമസി മുതലായ സേവങ്ങൾ ഇവിടെ ലഭ്യമാകും. മറ്റ് ഒ.പികൾക്ക് മാറ്റമില്ല. കൊവിഡിന്റെ സാഹചര്യത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടിയാണ് പുതിയ ഒ.പി സംവിധാനം ഏർപ്പെടുത്തിയത്.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി. സന്തോഷ്, ജനറൽ മെഡിസിൻ മേധാവി ഡോ. എൻ. വി. ജയചന്ദ്രൻ, ആർ.എം.ഒ: ഡോ. സി.പി. മുരളി, ഡോ. ജിജിത് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.