ഒരാൾ ആരോഗ്യ വകുപ്പിലെ ഡ്രൈവർ

റൂട്ട് മാപ്പ് തയ്യാറാക്കുന്നു

നാല് ദിവസം നഗരസഭാ കാര്യാലയത്തിന് ഭാഗിക അവധി

ചാലക്കുടി: ചാലക്കുടിയിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്നെത്തി നഗരത്തിലെ ടൂറിസ്റ്റ് ഹോമിൽ ക്വാറന്റൈനിൽ ആയിരുന്ന 12 പേർക്കാണ് ബുധനാഴ്ച രോഗ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടുത്തെ അഞ്ചു പേരുടേയും പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. നഗരസഭയിലെ ഡ്രൈവർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചിരുന്ന ഡ്രൈവർക്കാണ് കൊവിഡ് 19 പിടിപെട്ടത്. ഇയാൾ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞതും രോഗ സ്ഥിരീകരണമുണ്ടായിരുന്ന ടൂറിസ്റ്റ് ഹോമിലായിരുന്നു. ഇവിടെ നിന്നുള്ള സമ്പർക്കമാണ് കാരണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിലയിരുത്തി. ക്വാറന്റൈൻ പൂർത്തിയാക്കി വീട്ടിലെത്തിയ ശേഷമാണ് നഗരസഭ ഡ്രൈവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് ഇയാളുടെ ഭാര്യയേയും നിരീക്ഷണത്തിലാക്കി. ഡ്രൈവറുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുകയാണ്.

ആരോഗ്യ വിഭാഗത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടി നഗരസഭയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം. അടുത്ത നാലുദിവസം നഗരസഭ കാര്യാലയത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പരിയാരം പഞ്ചായത്തുകാരനായ ഡ്രൈവറുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആനമല റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന ഡ്രൈവർ വീട്ടിലെത്തിയ ശേഷമാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതും സ്രവം പരിശോധനക്കയച്ചതും. ഇതോടെ ഇയാളുടെ വീടും പരിസരവും നിരീക്ഷണത്തിലായി.

സമ്പർക്ക പട്ടികയിൽ വീട്ടിലുള്ളവർക്ക് പുറമെ മറ്റാരാങ്കിലും ഉൾപ്പെട്ടാൽ പരിയാരം പഞ്ചായത്തിലും കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും. പൊരിങ്ങൽക്കുത്തിലെ വൈദ്യുതി വകുപ്പിന്റെ ടവ്വർ സ്ഥാപിക്കലിനാണ് ബംഗാളിൽ നിന്നും 35 പേർ എത്തിയത്. ഇവർക്ക് ആദ്യം എലിഞ്ഞിപ്രയിലെ രണ്ടിടങ്ങളിൽ ക്വാറന്റൈൻ ഒരുക്കി. എന്നാൽ സുരക്ഷയില്ലാതെ ചിലർ പുറത്തിറങ്ങി നടന്നെന്ന നാട്ടുകാരുടെ പരാതിയുണ്ടായി. തുടർന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ നഗരസഭ പരിധിയിലെ ലോഡ്ജിൽ നിരീക്ഷണത്തിലാക്കിയത്. താത്ക്കാലികമായാണ് നഗരസഭ ഓഫീസിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ജില്ലാ കളക്ടർ, ഡി.എം.ഒ തുടങ്ങിയവരുമായി ചർച്ച നടത്തിയ ശേഷം മറ്റു തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പറഞ്ഞു.

................................

കൊവിഡ് ഭീതിയെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നഗരസഭാ കൗൺസിലിന്റെ വെള്ളിയാഴ്ച ചേരാനിരുന്ന കൗൺസിൽ യോഗം മാറ്റിവച്ചിട്ടുണ്ട്. ഓഫീസിൽ നിശ്ചിത ജീവനക്കാർക്ക് മാത്രമായിരിക്കും ഇനിയൊരു അറിയപ്പുണ്ടാകുന്നതുവരെ പ്രവേശനം.
- ജയന്തി പ്രവീൺകുമാർ (നഗരസഭാ ചെയർപേഴ്‌സൺ)