balan

തൃശൂർ: 1982 ലെ ഒരു പ്രഭാതം, പ്രധാനമന്ത്രിയുടെ വസതിയിലെ പൂന്തോട്ടത്തിന് മുന്നിൽ നിവേദനവുമായി കാത്തിരിക്കുകയാണ് മലയാളിയായ ബാലനും കൂട്ടരും. പെട്ടെന്നതാ കടന്നുവരുന്നു ഇന്ദിരാഗാന്ധി. നിഴൽപോലെ മമതാ ബാനർജിയുമുണ്ട്. "മാഡം, ഞങ്ങൾ ഗുജറാത്തിൽ ജോലി ചെയ്യുന്ന മലയാളികളാണ്. നാട്ടിൽ നിന്നും ഇവിടേക്ക് വരാൻ യാത്രാസൗകര്യമില്ല. നാല് ദിവസം കൊണ്ട് മൂന്ന് ട്രെയിനുകൾ മാറിക്കയറിയാണ് ഗുജറാത്തിലെത്തുന്നത്. സമയത്ത് ട്രെയിൻ കിട്ടാതെ പ്ളാറ്റ്ഫോമിൽ കിടന്ന് കരയുന്ന കുട്ടികൾ, അമ്മമാർ, വൃദ്ധർ,​" ബാലൻ ദുരിതം വിവരിച്ചപ്പോൾ ഇന്ദിരയുടെ കണ്ണുകൾ ഈറനണിഞ്ഞു.

"മിസ്റ്റർ ബാലൻ, , 90 ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരം -അഹമ്മദാബാദ് ട്രെയിൻ ഒാടും." കൃത്യം 87ാം ദിവസം അഹമ്മദാബാദിൽ നിന്ന് ആദ്യമായി തിരുവനന്തപുരത്തേക്ക് ട്രെയിൻ കൂകിപ്പാഞ്ഞു.

167 കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗതസംവിധാനം സ്പെഷ്യൽ ട്രെയിനുകളിൽ ഒതുങ്ങിയപ്പോൾ ഇരിങ്ങാലക്കുട കൊറ്റനെല്ലൂരിലെ വസതിയിലിരുന്ന് ആ നാളുകൾ ഒാർത്തെടുക്കുകയാണ് 82 കാരനായ ബാലൻ അമ്പാടത്ത്.

ഫ്ളാഷ് ബാക്ക്

1980 കളുടെ തുടക്കകാലം വരെ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. പ്രത്യേകിച്ചും ഗുജറാത്തിലേക്ക്. തിരുവനന്തപുരം-മദ്രാസ് മെയിലിൽ പോയി ആർക്കോണത്ത് ഇറങ്ങണം. അവിടെ നിന്ന് മദ്രാസ്-ബോംബെ ട്രെയിനിൽ കയറണം. തുടർന്ന് ബോംബെ-ഡൽഹി ട്രെയിനിൽ കയറി അഹമ്മദാബാദിൽ ഇറങ്ങണം .ഇതിനിടയിൽ ട്രെയിൻ വൈകിയാൽ യാത്രക്കാർ പ്ളാറ്റ്ഫോമിൽ കുടുങ്ങും. റിസർവേഷനും നഷ്ടപ്പെടും. പിറ്റേന്ന് റിസർവേഷനില്ലാതെ തിക്കിലും തിരക്കിലും യാത്ര തുടരണം. അക്കാലത്തും നിരവധി മലയാളികൾ ഗുജറാത്തിൽ ഡൽഹിയിലും മുംബയിലുമെല്ലാം തൊഴിൽ ചെയ്യുന്നുണ്ടായിരുന്നു. ബറോഡയിലെ സിവിൽ എൻജിനീയറായിരുന്നു ബാലൻ.

ഒരു ദിവസം ട്രെയിനിന് വേണ്ടി പ്രക്ഷോഭം തുടങ്ങാൻ ബാലനും

സംഘവും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഡൽഹിയിലുള്ള പരിചയക്കാരുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാനുള്ള അനുവാദവും വാങ്ങുകയായിരുന്നു.

കേരളസമാജത്തിന്റെ സ്ഥാപകൻ, മജീഷ്യൻ, കലാകാരൻ, ഗുരുദേവ ദർശനങ്ങളെ ഗുജറാത്തിലെ വിദ്യാർത്ഥികളിലെത്തിച്ച ശ്രീനാരായണീയൻ എന്നിങ്ങനെ ബാലൻ കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. ഭാര്യയോടൊപ്പം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. മൂന്ന് മക്കളുണ്ട്.

"ട്രെയിനിന്റെ കന്നിഒാട്ടത്തിൽ ഗുജറാത്തിലെ മലയാളികൾക്ക് ഉത്സവമായിരുന്നു. ട്രെയിനിന് മുന്നിൽ നിന്ന് എല്ലാവരും ഫോട്ടോയെടുത്തു. നിരവധി വ്യവസായങ്ങളുള്ള ഗുജറാത്തിലേക്കുള്ള മലയാളികളുടെ ഒഴുക്കിനും ആ ട്രെയിൻ കാരണമായി''

-ബാലൻ