തൃശൂർ: പുതിയ കണ്ടെയ്‌മെന്റ് സോണുകൾ തൃശൂർ നഗരമദ്ധ്യത്തിൽ തന്നെ ഏർപ്പെടുത്തിയതോടെ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. കോർപറേഷനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക വിപുലമായതിനാൽ നഗരം അടച്ചിടേണ്ട അവസ്ഥ. കൊവിഡ് ബാധിച്ചയാളുമായുള്ള പ്രാഥമിക സമ്പർക്കപട്ടിക കുറവാണെങ്കിലും സമ്പർക്കം പുലർത്തിയവർ ഏറെയാണ്. പുതിയ കണ്ടെയ്മെന്റ് സോണുകൾ വന്നതോടെ നഗരത്തിലേക്കു വരുന്നതിനു കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുക. യാത്രാനിയന്ത്രണം ഉള്ളതിനാലും കടകൾ തുറക്കാനാകാത്തതിനാലും ഡിവിഷനുകളിൽ പൂർണമായി അടച്ചിടുന്ന അവസ്ഥയുണ്ടാകും.

നൂറുകണക്കിന് ആളുകളാണ് സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ളത്. ഇവരുടെ റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ പുതിയ കണ്ടെയ്‌മെന്റ്‌ സോണുകൾ പ്രഖ്യാപിച്ചത്. ഇത് നഗരകേന്ദ്രം അടച്ചിടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്. പ്രൈമറി സമ്പർക്ക പട്ടികയിലുള്ളവർക്ക്‌ രോഗം സ്ഥിരീകരിച്ചാൽ സെക്കൻഡറി പട്ടികയിൽ ഇപ്പോഴുള്ളവർ പ്രൈമറി പട്ടികയിലാകും. ഇതോടെ പ്രൈമറി പട്ടികയിൽ ഉൾപ്പെടുന്നവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തേണ്ടിവരും. നിലവിൽ പ്രൈമറി പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയാൽ സെക്കൻഡറി പട്ടികയിൽ ഉൾപ്പെട്ടവരെയും പട്ടികയിൽ നിന്നും ഒഴിവാക്കും.

തൃശൂർ കോർപറേഷനിലെ കണ്ടെയ്ൻമെന്റ് സോണുകൾ
തേക്കിൻകാട് ഡിവിഷൻ

പാട്ടുരായ്ക്കൽ ഡിവിഷൻ

പള്ളിക്കുളം ഡിവിഷൻ

കൊക്കാലെ ഡിവിഷൻ

ഒളരി ഡിവിഷൻ

എൽത്തുരുത്ത് ഡിവിഷൻ

ചിയ്യാരം സൗത്ത് ഡിവിഷൻ

പാട്ടുരായ്ക്കലിൽ കോർപറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥയ്ക്ക് രോഗബാധ ഉണ്ടായതോടെയാണ് പുതിയ പട്ടികയിൽ ഡിവിഷൻ ഇടം പിടിച്ചത്. രോഗബാധിതരുടെ പ്രൈമറി, സെക്കൻഡറി സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ഈ ഡിവിഷനുകളിൽ ഉണ്ടെന്നു കണ്ടാണ് നടപടി

- കെ.ജെ. റീന,​ ഡി.എം.ഒ