തൃശൂർ : കോർപറേഷൻ പരിധിയിൽ കൊവിഡ് വ്യാപനമേറുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണിന്റെ പൂർണ്ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പൊലീസ് കടക്കാർക്കും മറ്റും നിർദ്ദേശം നൽകിയിരുന്നു.
കണ്ടെയ്‌ൻമെന്റ് സോണിൽ വാഹനം പാർക്ക് ചെയ്യുന്നതിനോ അത്യാവശ്യ കടകൾക്ക് അല്ലാതെ ഒന്നിനും അനുമതി നൽകില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ആരംഭിച്ചു. കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. നഗരത്തിലെ പൊലീസ് സംവിധാനത്തിന് പുറമേ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസിന്റെ നേതൃത്വത്തിൽ 30 ഓളം പേരും രംഗത്തിറങ്ങി. കൂടാതെ വനിത പൊലീസിന്റെ ബുള്ളറ്റ് പട്രോളിംഗും ശക്തമാക്കി. കോർപറേഷനിലെ ആരോഗ്യ വകുപ്പ് സൂപ്രണ്ട് ഉൾപ്പടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
പൊലീസ് റൂട്ട് മാർച്ച്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച നഗരത്തിലെ തേക്കിൻകാട് ഡിവിനിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. എ.സി.പി വി.കെ രാജു, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ ഒന്നര കിലോമീറ്റർ ദൂരമാണ് റൂട്ട് മാർച്ച് നടത്തിയത്. വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് എ.സി.പി വി.കെ രാജു പറഞ്ഞു. സിറ്റി പൊലീസ് കമ്മിണർ പി. ആദിത്യയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ശക്തൻ പച്ചക്കറി മാർക്കറ്റിൽ പരിശോധന നടത്തി, സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചു.
ബസ് സ്റ്റാൻഡുകൾ അടച്ചു
കണ്ടെയ്‌മെന്റ് സോണായതോടെ വടക്കെ സ്റ്റാൻഡ് , ശക്തൻ സ്റ്റാൻഡ് എന്നിവ പൊലീസ് അടപ്പിച്ചു. ഇവിടെ ബാരിക്കേഡുകൾ കെട്ടി പൊലീസ് പ്രവേശനം നിഷേധിച്ചു. സ്റ്റാൻഡിന് മുന്നിൽ ബസിൽ നിന്ന് ആളുകളെ ഇറക്കി അപ്പോൾ തന്നെ പോകണം.
വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു
കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുന്ന തേക്കിൻകാട്, കൊക്കാലെ, എൽത്തുരുത്ത്, ഒളരി, പള്ളിക്കുളം, ചിയ്യാരം സൗത്ത്, പാട്ടുരായ്ക്കൽ എന്നിവിടങ്ങളിൽ ലോക്ഡൗൺ ലംഘനം നടത്തി തുറന്ന കടകൾ രാവിലെ തന്നെ പൊലീസെത്തി അടപ്പിച്ചു. അനധികൃതമായി സർവ്വീസ് നടത്തിയ വാഹന ഉടമകൾക്കെതിരെയും കേസെടുത്തു. അതേസമയം സ്വരാജ് റൗണ്ടിൽ കല്യാൺ ജ്വല്ലേഴ്‌സ് മുതൽ ജില്ലാ ആശുപത്രി വരെയുള്ള ഭാഗങ്ങളിലെ കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.
ശക്തൻ തുറന്നു, ജയ്ഹിന്ദ് അടപ്പിച്ചു
കോർപറേഷന് മുന്നിലെ ജയ്ഹിന്ദ് മാർക്കറ്റ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങൾ അടപ്പിച്ചു. മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി അത്യാവശ്യ കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി ഉള്ളത്. കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ട മറ്റ് ഡിവിഷനുകളിൽ അതാത് മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി..