തൃശൂർ: 3800 വനഭൂമി പട്ടയങ്ങൾ ഉൾപ്പെടെ 6000 പട്ടയങ്ങൾ വിതരണം ചെയ്യാനൊരുങ്ങി തൃശൂർ. ആഗസ്തിൽ പട്ടയമേള നടത്തി വിതരണം നടത്തും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 300 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത സ്ഥാനത്താണ് ഈ തീരുമാനം.1550 വനഭൂമി പട്ടയങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. 4128 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും വിതരണത്തിനായി തയ്യാറാക്കി കഴിഞ്ഞു. പുറമ്പോക്ക്, സുനാമി, കോളനി, മുനിസിപ്പൽ, ഇനാം, ശ്മശാന പുറമ്പോക്ക് എന്നീ വിഭാഗങ്ങളിൽ 238 പട്ടയങ്ങൾക്ക് അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞു. 1550 വനഭൂമി പട്ടയങ്ങളുടെ സർവേ നടപടികൾ പൂർത്തിയാക്കി വരുന്നു. 2245 പട്ടയങ്ങളാണ് കേന്ദ്രാനുമതിക്ക് സമർപ്പിച്ചിട്ടുള്ളത്. ഇതിൻ്റെ അവശേഷിക്കുന്ന നടപടികളും ഉടൻ പൂർത്തിയാക്കും.
................................................
1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറി കൈവശം വച്ചിരുന്നവർക്ക് അത് പതിച്ച് നൽകുന്നതിനായി സംയുക്ത പരിശോധന നടത്തിയിരുന്നു. മരവില ഒഴിവാക്കി പട്ടയം അനുവദിക്കാൻ കളക്ടർക്ക് അനുമതി നൽകിയിരുന്നു. സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിക്കായി അയച്ച 3140 അപേക്ഷകൾ ജി.പി.എസ് സർവ്വേ പൂർത്തിയാക്കുകയാണ്. ഇതിൽ 2245 എണ്ണത്തിൽ സർവേ നടപടി പൂർത്തിയായി. അവശേഷിക്കുന്ന 900 അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കാൻ പത്ത് പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എ.സി മൊയ്തീൻ
തദ്ദേശ സ്വയംഭരണ മന്ത്രി