തൃശൂർ: ആന്ധ്രയിൽ നിന്നും ഒഡീഷയിൽ നിന്നും കേരളത്തിലെത്തുന്ന കഞ്ചാവിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന കോടികളിൽ വലിയ പങ്ക് തിരിച്ചെത്തുന്നത് ഈ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ. മൂവായിരം രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങി കേരളത്തിൽ ലക്ഷങ്ങൾക്ക് വിറ്റഴിക്കുമ്പോൾ കിട്ടുന്ന ലാഭം ഈ സംഘടനകളിലാണ് തിരിച്ചെത്തുന്നത്. ഈ കഞ്ചാവ് കടത്ത് സംഘത്തിലെ മലയാളികൾക്കാകട്ടെ സംഘടനയുമായി രാഷ്ട്രീയ ബന്ധമൊന്നുമില്ല. കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളായി ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലെ ജയിലുകളിൽ നാൽപ്പതോളം മലയാളികളുണ്ട്. അഞ്ച് കൊല്ലം മുമ്പ് ഈ സംസ്ഥാനങ്ങളിൽ ഒരു കിലോ കഞ്ചാവിന് 1500 രൂപയായിരുന്നു വില.
കഞ്ചാവ് കേരളത്തിലെത്തുന്ന വഴികൾ
മാവോയിസ്റ്റ് മേഖലകളായ റായ്ഗഢ്, മട്ടികോണ, ലക്ഷ്മിപൂർ, കണ്ടോള തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവുമായി ബസുകളിലാണ് വിശാഖപട്ടണത്തെത്തുന്നത്. അവിടെ നിന്ന് ലോറികളിലും അന്തർ സംസ്ഥാന ബസിലും ട്രെയിനിലുമായി കേരളത്തിലെത്തും. ഹൈദരാബാദിൽ നിന്നും കേരളത്തിലെത്തുന്ന അന്തർ സംസ്ഥാന എയർ ബസുകളിൽ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്ന ഊരകം സ്വദേശി പിടിയിലായപ്പോഴാണ് ഇയാൾ സിനിമാ രംഗത്തെ ഒരു അസി. കാമറാമാനാണെന്ന് മനസിലായത്.
ഹൈദരാബാദ് ഫിലിം സിറ്റിയിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടത്തുന്ന കഞ്ചാവ് എറണാകുളത്തെ മയക്കുമരുന്ന് സംഘത്തിന് കൈമാറും. ആന്ധ്രയിൽ നിന്ന് വരുന്ന ഉണക്കമീൻ ലോറിയിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ പതിനാറ് കിലോ കഞ്ചാവ് പെരുമ്പാവൂരിൽ പിടികൂടി. കൊല്ലത്തെ ടൈറ്റാനിയം കമ്പനിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോകുന്ന ലോറി ഉണക്ക മീനുമായി തിരികെ വരുമ്പോഴായിരുന്നു കഞ്ചാവ് കടത്ത്. ആന്ധ്രയിൽ നിന്ന് വരുന്ന തണ്ണിമത്തൻ ലോറികളിൽ കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവാണ് കൊടുങ്ങല്ലൂരിൽ പിടികൂടിയത്. തൃശൂർ അതിർത്തിയിൽ വാണിയം പാറയിൽ തൃശൂർ എക്സൈസ് സംഘം പിന്തുടർന്ന് ചരക്ക് ലോറിയിൽ നിന്ന് പിടികൂടിയത് അറുപത് കിലോ കഞ്ചാവാണ്. ഏറ്റവും വലിയ വേട്ടയാണ് ലോക് ഡൗൺ കാലത്ത് തൃശൂരിൽ നടന്നത്. 170 കിലോ കഞ്ചാവ് ആന്ധ്രയിൽ നിന്നും ഉണക്കമീൻ കൊണ്ടുവരുന്ന പിക്കപ്പ് ലോറിയിൽ നിന്നാണ് പിടിച്ചെടുത്തത്.
............
ഈ വർഷം ജില്ലയിലെ എക്സൈസ് സംഘം പിടിച്ചെടുത്തത് 250 കിലോ കഞ്ചാവാണ്. പന്ത്രണ്ട് സംഭവങ്ങളിലായി 16 പേർ അറസ്റ്റിലായി. രണ്ട് ബൈക്കുകളും ഒരു പിക്കപ്പ് വാനും കാറും ലോറിയും പിടിച്ചെടുത്തു. ആഡ്രയിൽ നിന്നും ദിനംപ്രതി 50, 100, 200 കിലോ വീതമുള്ള കഞ്ചാവ് ലോഡുകൾ പല രീതിയിൽ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ട്.
പി.കെ സനു
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ