തൃശൂർ : കർശന നിയന്ത്രണങ്ങളുമായി പൊലീസും ജില്ലാ ഭരണകൂടവും മുന്നോട്ട് പോകുമ്പോഴും നിയന്ത്രണം പാലിക്കാതെയുള്ള രാഷ്ട്രീയ പാർട്ടികളുടെ സമരം ആശങ്ക കൂട്ടുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും നടത്തിയ സമരങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്. പല സ്ഥലങ്ങളിലും ഹാൻഡ് മൈക്ക് ഉപയോഗിച്ച് നടത്തുന്ന സമരങ്ങളിൽ അഞ്ച് മുതൽ അമ്പത് വരെ ആളുകളാണ് പങ്കെടുക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവരാണ് പല സമരങ്ങളിലും പങ്കെടുക്കുക. അവരിൽ പലരും ഒന്നും രണ്ടും പരിപാടികളിൽ സജീവ സാന്നിദ്ധ്യം ആകുന്നുമുണ്ട്.

അഞ്ചിൽ കൂടുതൽ പേർ ഇത്തരം പരിപാടികളിൽ പാടില്ലെന്ന നിർദ്ദേശം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. പല നേതാക്കളും പ്രസംഗിക്കുമ്പോൾ പോലും മാസ്‌ക് ധരിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഉള്ളതിനാൽ പൊലീസാകട്ടെ ഇത്തരം സമരം നടന്നാൽ കേസെടുത്ത് കാര്യം അവസാനിപ്പിക്കും. എന്നാൽ ആൾക്കൂട്ടങ്ങളെ പിരിച്ച് വിട്ട് നിശ്ചിത എണ്ണത്തിൽ സമരം നടത്തിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. നഗരത്തിൽ തന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നൂറിലേറെ സമരങ്ങളാണ് നടന്നത്. ഇതിൽ അപൂർവം മാത്രമാണ് ലോക്ഡൗൺ നിയന്ത്രണം പാലിച്ചുള്ളത്. ചില സർവീസ് സംഘടനകളും ലോക്ഡൗൺ ലംഘനം നടത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

...............

നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനോടകം പൊലീസ് ഇത്തരം സംഭവം ശ്രദ്ധയിൽപെട്ടാൽ കേസെടുക്കുന്നുണ്ട്.

(പി.ആദിത്യ,സിറ്റി പൊലീസ് കമ്മീഷണർ)