 
മാള: പോൾ കോക്കാട്ടിന്റെ ഓർമ്മയുടെ ആഴങ്ങളിൽ ഇന്നും അടിയന്തരാവസ്ഥയിലെ പീഡനാനുഭവ ഇരമ്പൽ തെളിയുന്നുണ്ട്. പാതിരാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ അനുഭവം പങ്കു വയ്ക്കുമ്പോൾ എൺപത്തിമൂന്നാം വയസിൽ തോളോട് തോൾ ചേർന്ന് പ്രിയതമ കാതറിനുമുണ്ട്. ഭാര്യയ്ക്ക് മുന്നിൽ നിന്നാണ് അന്ന് പാതിരാത്രിയിൽ പോളിനെ പൊലീസ് മിസ, ഡി.ഐ.ആർ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.
തിരുവനന്തപുരത്തായിരുന്നു ജയിൽവാസം. 1969 ൽ വരെ സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന പോൾ കോക്കാട്ട് 1970 ലാണ് സി.പി.എമ്മിൽ ചേർന്നത്. കല്ലേറ്റുംകര ബി.വി.എം ഹൈസ്‌കൂളിൽ രസതന്ത്ര അദ്ധ്യാപകനായിരുന്ന പോൾ കമ്മ്യൂണിസ്റ്റായതോടെ വീട്ടിൽ അച്ഛന്റെ ശാസന നേരിട്ട് മറ്റൊരു പറമ്പിലെ ചെറിയ വീട്ടിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുടയിൽ ഭരണകൂടത്തിനെതിരെ പ്രകടനം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലെത്തി രാത്രി ഉറങ്ങുന്നതിനിടയിലാണ് പുലർച്ചെ രണ്ടോടെ വീട് വളയുന്നത്. ഒന്നര വയസുള്ള കുട്ടിയെയും ഭാര്യയെയും വീട്ടിലാക്കി പൊലീസിനൊപ്പം ഇറങ്ങിയ പോൾ കോക്കാട്ട് 28 മാസത്തെ ജയിൽ ജീവിതത്തിനിടയിൽ നിരവധി നേതാക്കളെ പരിചയപ്പെട്ടു. ഇ.എം.എസ്, എ.കെ.ജി, സുശീലാ ഗോപാലൻ, എം.എം ലോറൻസ്, കെ.എൻ രവീന്ദ്രനാഥ്, എ.പി കുര്യൻ, എ.പി വർക്കി, ഒ. രാജഗോപാൽ, കെ. ശങ്കരനാരായണൻ, അരങ്ങിൽ ശ്രീധരൻ, ആർ. ബാലകൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു സഹതടവുകാർ. ഭാര്യ കാതറിനും മകൾ ഗീതയും കോടതിയിലെത്തി കാണാറുണ്ടായിരുന്നു. മോചിതനായ പോൾ കോക്കാട്ട് 1977 ൽ മാളയിൽ ലീഡർക്കെതിരെ എണ്ണായിരത്തിലധികം വോട്ടിന് പരാജയപ്പെട്ടു. 1980 ലാകട്ടെ മൂവായിരത്തിൽപരം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു പരാജയം. അദ്ധ്യാപകനായിരുന്നപ്പോൾ കെ.പി.ടി.യു, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1982 ൽ മാള സീറ്റ് സി.പി.ഐക്ക് നൽകുകയും ഇരിങ്ങാലക്കുട സീറ്റ് ലോനപ്പൻ നമ്പാടന് നൽകുകയും ചെയ്തതോടെ പോൾ കോക്കാട്ട് കളത്തിന് പുറത്തായി. ലോനപ്പൻ നമ്പാടൻ ഇടതുപക്ഷ ചേരിയിലേക്ക് വന്നില്ലായിരുന്നെങ്കിൽ പോൾ കോക്കാട്ടിന് ജയിച്ചുകയറാൻ കഴിയുമായിരുന്ന മണ്ഡലമായിരുന്നു ഇത്. ലീഡറുടെ എതിരാളിയായിരുന്നെങ്കിലും ഏറെ സൗഹൃദം പുലർത്തിയിരുന്നു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ലീഡറെ കാണാൻ ക്ലിഫ് ഹൌസിൽ പോയി മടങ്ങിയപ്പോൾ, ഒന്നാം നമ്പർ കാറിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട ഓർമ്മയും പോൾ കോക്കാട്ടിനുണ്ട്.
..................
കമ്മ്യൂണിസ്റ്റുകാരനായതിനാൽ വീട്ടിൽ നിന്ന് ഏറെ ശാസന നേരിടേണ്ടി വന്നു. പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ആ പാതിരാത്രിയും ജയിലിലെ പീഡന അനുഭവങ്ങളും നേതാക്കളുമായുള്ള ബന്ധവും മറക്കാൻ കഴിയില്ല. ജയിൽ ജീവിതം ഒരുപാട് പഠിപ്പിച്ചു.
പോൾ കോക്കാട്ട്.