thakarnna-road
വാസുപുരം ചെമ്പൂച്ചിറ റോഡിലെ കുഞ്ഞക്കരയിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികൾ.

മറ്റത്തൂർ: വാസുപുരം ചെമ്പുച്ചിറ റോഡ് തകർന്ന് തരിപ്പണമായതോടെ ദുരിതയാത്രയിൽ വലഞ്ഞ് ജനങ്ങൾ. നൂലുവള്ളി, ഇഞ്ചക്കുണ്ട്, ചൊക്കന പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ കൊടകര റോഡിലേക്കെത്തുന്ന റോഡാണിത്. മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളക്കെട്ടുള്ളതിനാൽ കുഴിയുടെ ആഴമോ വലിപ്പമോ വാഹനയാത്രക്കാർക്ക് അറിയാനാകുന്നില്ല. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്.

റോഡ് നിറയെ കുഴികളായതോടെ വാഹന യാത്രാ ദുരിതത്തിലാണ്. ഈ റോഡിലൂടെയുള്ള യാത്ര ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ മഴപെയ്യുമ്പോൾ വെള്ളക്കെട്ടും രൂക്ഷമാണ്.

കിലോമീറ്ററുകളോളം കുഴികളായ ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി വാഹന യാത്രക്കും, കാൽനടയാത്രക്കും സൗകര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.