കോടാലി: ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ ക്വാറന്റൈനിൽ എത്തിച്ച സുഹൃത്തിന്റെ ടെസ്റ്റ് ഫലം നെഗറ്റീവ് ആയതോടെ വലിയ ആശങ്ക ഒഴിവായി. എയർപോർട്ടിൽ നിന്നും നാട്ടിലെത്തിച്ച ടാക്‌സി ഡ്രൈവറുമായുണ്ടായ വാടക തർക്കത്തെ തുടർന്ന് പ്രവാസി കോടാലിയിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തി പ്രവാസി ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിച്ചു. എന്നാൽ കാറുമായി വന്ന സുഹൃത്ത് ക്വാറന്റൈനിൽ പ്രവേശിക്കാതെ വിവിധ ഷോപ്പുകളിലും ചില ആഘോഷങ്ങളിലും പങ്കെടുത്തു. പ്രവാസിയുടെ കൊവിഡ് ഫലം പോസറ്റീവ് ആയതോടെ മറ്റത്തൂർ പഞ്ചായത്ത് പരിധിയിൽ പെട്ട ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി. ഇക്കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ അറിഞ്ഞതോടെ സുഹൃത്തിനെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. എന്നാൽ ഫലം നെഗറ്റീവ് ആയതോടെ വലിയ ആശങ്ക ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ.