ചാലക്കുടി: ആരോഗ്യ വിഭാഗത്തിലെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടി നഗരസഭയിലെ ചെയർപേഴ്‌സൺ അടക്കം ജനപ്രതിനിധികൾ നിരീക്ഷണത്തിലായി. ഡ്രൈവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഹെൽത്ത് സൂപ്രണ്ട് അടക്കം 12 പേരെയാണ് ക്വാറന്റൈനിൽ വിട്ടത്. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജി സദാനന്ദൻ, യു.വി മാർട്ടിൻ, കൗൺസിലർമാരായ എം.എ ജോസ്, വി.ജെ ജോജി, എം.പി ഭാസ്‌കരൻ, സെക്രട്ടറി എം.എസ് ആകാശ് എന്നിവരെ റാപ്പിഡ് ടെസ്റ്റിനും വിധേയരാക്കി. ഡ്രൈവറുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇവരെല്ലാം ഇപ്പോൾ സ്വയം നിരീക്ഷണത്തിലുമായി. ചാലക്കുടിയിലെ ലോഡ്ജിൽ കഴിയുമ്പോഴാണ് പരിയാരം മുനിപ്പാറ സ്വദേശിയായ ഡ്രൈവർക്ക് കൊവിഡ് പിടിപെട്ടതെന്നാണ് നിഗമനം. ബംഗാളിൽ നിന്നെത്തിയ 35 പേരെ ഇവിടെയാണ് ക്വാറന്റൈൻ ചെയ്തിരുന്നത്. ഇതോടെ നഗരസഭ കാര്യാലയത്തിന്റെ പ്രവർത്തനം ഞായറാഴ്ച വരെ നിറുത്തി. സ്രവ പരിശോധനയുടെ ഫലം എത്തിയ ശേഷമാകും തുടർനടപടി.