puliyampatam
കൃഷിയിറക്കാനാകാത്ത പുളിയം പാടത്തെ 40 ഏക്കർ കൃഷിഭൂമി

തൃശൂർ: ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായ കാറളം പഞ്ചായത്തിലെ ചെമ്മണ്ട കായൽ പുളിയംപാടം പാടശേഖരത്തിൽ 40 ഏക്കറിൽ കൃഷിയിറക്കാനാകുന്നില്ലെന്ന് പാടശേേഖര സമിതി. പൈപ്പ് ലൈൻ പണിക്കിടയിൽ പാടശേഖരമാകെ താറുമാറായതാണ് കാരണമെന്ന് സമിതി ഭാരവാഹികൾ ആരോപിച്ചു.

എന്നാൽ പാടശേഖരം പൂർവ സ്ഥിതിയിലാക്കാൻ രണ്ട് തവണ നഷ്ടപരിഹാരം കൊടുത്തതാണെന്ന് ഗെയിൽ അധികൃതർ. നാല് വർഷക്കാലം ഇവിടെ കൃഷിയിറക്കാനാകില്ലെന്നതിന് കൊടുത്ത നഷ്ട പരിഹാരത്തിന് പുറമെയാണിത്. പാടശേഖര സമിതി പ്രസിഡന്റ് ഷൈജു പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് പരാതി നൽകി. എ.ഡി.എം ഇരു വിഭാഗത്തെയും വിളിച്ച് സംസാരിച്ചു. കാറളം പഞ്ചായത്ത് കൃഷി ഓഫീസറോട് തത്‌സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി ജില്ല കളക്ടർക്ക് നൽകാൻ തീരുമാനിച്ചു.

................................................

ഗെയിലിന്റെ പൈപ്പ് ലൈൻ ഇടുന്നതിനായി 2017-18 ൽ 151 ഏക്കർ പാടശേഖരത്തിൽ കൃഷിയിറക്കിയിരുന്നില്ല. ആ വർഷം കർഷകർക്ക് ഗെയിൽ നഷ്ട പരിഹാരം നൽകി. ആ വർഷം തന്നെ പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും കൃഷിഭൂമി പൂർവസ്ഥിതിയിലാക്കിയില്ല. ഗെയിലിന്റെ പണി സുഗമമാക്കാനായി റോഡ് നിർമ്മിച്ചപ്പോഴുണ്ടായ ചുവന്ന മണ്ണ് കൃഷി ഭൂമിയിൽ നിന്നും മാറ്റിയില്ല. ഇത് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി 40 ഏക്കർ കൃഷിഭൂമിയിൽ കൃഷിയിറക്കാനായില്ല. കൃഷിഭൂമി താറുമാറായതിനുള്ള നഷ്ടപരിഹാരവും ലഭിച്ചില്ല. 2014 ൽ 2.07 ലക്ഷവും 2019 ൽ 5.49 ലക്ഷവും ഗെയിൽ നൽകിയിട്ടുണ്ട്.

ഷൈജു

പാടശേഖര സമിതി പ്രസിഡന്റ്

.........................................

ഗെയിൽ പൈപ്പ് ഇടുന്നതിനായി കാറളത്തെ കൃഷിഭൂമിയിലെ പണി 2017-18 ൽ കഴിഞ്ഞതാണ്. ഇതിന്റെ പ്രവർത്തനത്തിനായി 2016-17 കാലത്ത് ഈ പ്രദേശത്തെ കൃഷിഭൂമി കാലിയാക്കിയിരുന്നു . കൃഷി ചെയ്യാതിരുന്ന ഈ പ്രദേശത്തെെെ കർഷകർക്ക് 68 ലക്ഷം നഷ്ടപരിഹാരം കൊടുത്തു. പൈപ്പ് കടന്ന് പോകുന്ന പ്രദേശത്തെ കർഷകർക്ക് സെന്റിന് 5000 രൂപ വെച്ചാണ് നൽകിയത്. ഇത് കൂടാതെ എല്ലാവർക്കുമായി സെന്റിന് 440 രൂപ വേറെയും കൊടുത്തു. ഭൂമി പുന:സ്ഥാപിക്കാനായി തുടർച്ചയായി രണ്ട് വർഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി.

ജോർജ് ആന്റണി

ഗെയിൽ ഓഫീസർ