തൃശൂർ : നഗരത്തിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ പിടിമുറുക്കി പൊലീസ്. ലോക് ഡൗൺ ലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകി. നഗരത്തിലെ വിവിധ ഡിവിഷനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി കർശനമാക്കിയത്. കോർപറേഷനിൽ രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേർ തിരിച്ചെത്തുന്നതും കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ യാതൊരു വിധത്തിലുള്ള ഇളവും വേണ്ടായെന്ന നിലപാടിലാണ് അധികൃതർ. കഴിഞ്ഞ ദിവസം കണ്ടെയ്‌ൻമെന്റ് സോണുകളിൽ പ്രവർത്തിച്ച കടകൾ പൊലീസെത്തി അടപ്പിച്ചിരുന്നു.
ബസുകൾക്ക് നിയന്ത്രണം
നഗരത്തിൽ പലയിടങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച മുതൽ സ്വകാര്യബസുകൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചു. കാഞ്ഞാണി, വാടാനപ്പിള്ളി പ്രദേശങ്ങളിൽ നിന്ന് വരുന്ന ബസുകൾ പടിഞ്ഞാറെക്കോട്ടയിൽ ആളെ ഇറക്കി, അവിടെ നിന്നും തന്നെ തിരിച്ചുപോകണം. കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ പൂങ്കുന്നത്ത് വന്ന് തിരിച്ചുപോകണം. ഷൊർണൂർ, വടക്കാഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ പെരിങ്ങാവ് വന്ന് തിരിച്ചുപോകണം. പാലക്കാട്, മണ്ണുത്തി ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ കിഴക്കെ കോട്ട ജംഗ്ഷനിലെത്തി തിരിച്ചു പോകണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ കൂർക്കഞ്ചേരിയിലെത്തി തിരിച്ചുപോകണം. ഒല്ലൂർ, ആമ്പല്ലൂർ പ്രദേശങ്ങളിൽ നിന്ന് വരുന്ന ബസുകൾ കുരിയച്ചിറയിൽ വന്ന് തിരിച്ചുപോകണം.
ഓട്ടോ - ടാക്‌സികൾക്ക് പ്രവേശനമില്ല
ഓട്ടോ, ടാക്‌സി വാഹനങ്ങൾക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. അവശ്യ സർവീസുകൾ കൂടാതെ, സ്വരാജ് റൗണ്ടിന് ചുറ്റുമായി ശക്തൻ മാർക്കറ്റ് മാത്രമേ പ്രവർത്തിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടൽ തുറക്കില്ല
സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ല. ഓൺ ലൈൻ സംവിധാനവും പാടില്ല. അതേസമയം കണ്ടെയ്ൻമെന്റ് സോണിലല്ലാത്ത സ്വരാജ് റൗണ്ടിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളില്ല.
.............
കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിയമനടപടി കർശനമാക്കും.
എസ്. സുരേന്ദ്രൻ
ഡി.ഐ.ജി തൃശൂർ റേഞ്ച്