തൃശൂർ: മഴക്കാലത്ത് പാടശേഖരങ്ങളിലും തോടുകളിലും നടക്കുന്ന മത്സ്യബന്ധനത്തിൽ നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ്. പ്രജനന സമയമായതിനാൽ മുട്ടയിടാറായ മത്സ്യങ്ങളാണ് കൂട്ടമായി സ്ഥലം തേടി പാടശേഖരങ്ങളുടെ ഓരങ്ങളിലെത്തുന്നത്. ഈ മത്സ്യബന്ധനം മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്. ജില്ലയിൽ തന്നെ നൂറോളം വർഗ്ഗത്തിൽപ്പെടുന്ന ഉൾനാടൻ മത്സ്യയിനങ്ങൾ കണ്ടുവരുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ ഒറ്റയ്ക്കോ കൂട്ടമായോ വരുന്ന അത്തരം മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. വൈദ്യുതി ഉപകരണങ്ങളും വിഷാംശങ്ങളും സ്ഫോടകവസ്തുക്കളുമായി മത്സ്യങ്ങളെ കൂട്ടക്കുരുതി നടത്തി പിടിച്ചെടുക്കുന്നവരുമുണ്ട്.

മത്സ്യ സമ്പത്തിന്റെ സമ്പൂർണ്ണ നാശത്തിനാണ് ഇത് വഴി വയ്ക്കുന്നത്. മത്സ്യബന്ധന ഉരുക്കൾ, സ്വതന്ത്ര വലകൾ, സ്ഥാപന വലകൾ, അക്വാ കൾച്ചർ പ്രദേശം, ചെമ്മീൻവാറ്റ് പ്രദേശങ്ങൾ, ഹാച്ചറികൾ എന്നിവ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിച്ച് ലൈസൻസ് എടുക്കണം. 2010 ലെ കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാതെയുള്ള മത്സ്യബന്ധനം പാടില്ല. സ്വകാര്യ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം ഉടമയ്ക്കാണ്. അത്തരം പ്രദേശങ്ങൾ ഉടമസ്ഥർക്കോ വ്യക്തികൾക്കോ സംഘങ്ങൾക്കോ മത്സ്യത്തൊഴിലാളികൾക്കോ പാട്ടത്തിന് നൽകാം.

.................................

രാത്രികാലങ്ങളിൽ മത്സ്യങ്ങളെ ആകർഷിച്ച് പിടിക്കുന്നതിനായി 100 വാട്സിൽ കൂടുതൽ ശക്തിയുള്ള വിളക്കുകൾ ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ല.

സഞ്ചാരതടസമുള്ള രീതിയിലോ, ജലാശയത്തിലെ പകുതിയിലധികം ഭാഗം തടസപ്പെടുന്ന വിധമോ മത്സ്യബന്ധനം പാടുള്ളതല്ല.

കണ്ടൽ പ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനപ്രദേശങ്ങൾ എന്നിവയിലും മത്സ്യബന്ധനത്തിന് അനുവാദമില്ല.

പാരിസ്ഥിതിക അവസ്ഥയ്ക്ക് തടസമാകുന്ന വിധത്തിൽ വലകളിൽ യന്ത്രവത്കരണം നടത്താൻ പാടില്ല.

ജില്ല ഫിഷറീസ്

ഡെപ്യൂട്ടി ഡയറക്ടർ.