തൃശൂർ : കോർപറേഷനിൽ കൊവിഡ് വൈറസ് ബാധ കൂടുമ്പോഴും ജീവനക്കാരുടെ സുരക്ഷിതത്വത്തിൽ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായി ആക്ഷേപം. ആരോഗ്യ വകുപ്പ് സൂപ്രണ്ടിന് രോഗം സ്ഥിരീകരിക്കുകയും മറ്റൊരു ജീവനക്കാരിക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയിട്ടും ഇവർക്കൊപ്പം ജോലി ചെയ്തിരുന്നവരുടെ സ്രവ പരിശോധന നടത്താൻ ഇതുവരെയും കോർപറേഷനും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ല. ആരോഗ്യ വകുപ്പ് സൂപ്രണ്ടിന് രോഗം സ്ഥിരീകരിച്ചപ്പോൾ അവർ പങ്കെടുത്ത യോഗത്തിൽ ഉണ്ടായിരുന്ന മന്ത്രി വി.എസ് സുനിൽ കുമാർ, മേയർ, ഡെപ്യൂട്ടി മേയർ, രാഷ്ട്രീയക്കാർ എന്നിവരടക്കം 18 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുത്തത്.

എന്നാൽ സൂപ്രണ്ട് യോഗത്തിന് എത്തുന്നതിന് മുമ്പ് ഓഫീസിൽ മറ്റ് ജീവനക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇവരോട് നിരീക്ഷണത്തിലിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയോടൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മറ്റ് ജീവനക്കാർ ആശങ്കയിലാണ്. നേരത്തെ ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തക എന്നിവർക്ക് അടക്കം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് സൂപ്രണ്ടിന് രോഗം കണ്ടെത്തിയതെന്നാണ് വിലയിരുത്തൽ. കോർപറേഷനിലെ എട്ട് പേർക്കാണ് ഇതിനോടകം വൈറസ് ബാധ കണ്ടെത്തിയത്.