എരുമപ്പെട്ടി: കരിയന്നൂർ നെല്ലുവായ് ഗ്രൂപ്പ് വില്ലേജ് ഓഫീസിലെത്തുന്ന ഗുണഭോക്താക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദേശപ്രകാരം കളക്ടർ എസ്. ഷാനവാസ് വില്ലേജ് ഓഫീസറെ വിളിച്ച് വരുത്തി വിശദീകരണം തേടി. ആവശ്യക്കാരെ അകാരണമായി ബുദ്ധിമുട്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

കരിയന്നൂർ നെല്ലുവായ് ഗ്രൂപ്പ് വില്ലേജ് ഓഫീസിനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. സമ്പന്നരും സ്വാധീനമുള്ളവരും എത്തുമ്പോൾ ദ്രുതഗതിയിൽ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന ഉദ്യോഗസ്ഥർ നിർദ്ധനരായവരെ അവഗണിക്കുന്നത് പതിവാണെന്നാണ് ആക്ഷേപം.

പ്രായമായവർ പോലും നികുതി അടയ്ക്കുന്നതിനും വിവിധ സർട്ടിഫിക്കറ്റുകൾക്കായും ദിവസങ്ങളോളം ഒഫീസിന്റെ പടി കയറിയിറങ്ങേണ്ട സാഹചര്യമാണ്. ഇതിനിടെ ചില ഉദ്യോഗസ്ഥർ പാവപ്പെട്ടവരിൽ നിന്ന് പോലും നിർബന്ധമായി കൈക്കൂലി വാങ്ങുന്നതായും പരാതിയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളിൽ അളക്കുന്നതിനും പോക്കുവരവ് നടത്തുന്നതിനും പണം ഈടാക്കുന്ന ഉദ്യോഗസ്ഥനെതിരെ മന്ത്രിക്കും കളക്ടർക്കും ഇരകളായവർ പരാതി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും കളക്ടർ അന്വേഷണം നടത്തും. വില്ലേജിൽ എത്തുന്നവരോട് ഓഫീസർ കയർത്ത് സംസാരിക്കുന്നതായും സാധാരണക്കാർ അപേക്ഷകൾ നൽകി കാത്തുനിൽക്കുമ്പോൾ ഇവർ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്നതായും ആക്ഷേപമുണ്ട്.
ഗുണഭോക്താവ് മന്ത്രിയോട് പരാതിപ്പെട്ടതിനെ തുടർന്നാണ് കളക്ടർ വില്ലേജ് ഓഫീസറെ വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം താലൂക്ക് തഹസിൽദാരുടെ ചാർജ്ജ് വഹിക്കുന്ന അഡീഷണൽ തഹസിൽദാരെയും കളക്ടർ വിളിച്ച് വരുത്തുകയും ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബുദ്ധിമുട്ടിക്കൽ ഈവിധം

പ്രായമായവർക്ക് പോലും ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം

സമ്പന്നരും സ്വാധീനമുള്ളവരും എത്തുമ്പോൾ ദ്രുതഗതിയിൽ കാര്യം നടക്കുന്നു

നിർദ്ധനരും സാധാരണക്കാരും എത്തുമ്പോൾ കയർക്കുന്നു, ഇറങ്ങിപ്പോകുന്നു

ഭൂമി സംബന്ധമായ ഇടപാടിന് എത്തുന്നവരിൽ നിന്നും കൈക്കൂലി ഈടാക്കുന്നു