ചാലക്കുടി: ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ സ്വയം നിരീക്ഷണത്തിൽ ഇരിക്കാത്തത് വിവാദമാകുന്നു. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ആരോഗ്യ വിഭാഗത്തിലെ ഡ്രൈവർക്ക് നേരത്തെ കൗൺസിൽ യോഗത്തിൽ സ്വീകരണം നൽകിയ പശ്ചാത്തലത്തിലായിരുന്നു ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, കൗൺസിലർമാരായ വി.ജെ. ജോജി, എം.പി. ഭാസ്‌കരൻ, എം.എ. ജോസ് തുടങ്ങിയവർ സ്വയം നിരീക്ഷണത്തിലായത്. ഇവരുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തിന് ശേഷം വീണ്ടും നഗരസഭയുടെ ഓഫീസുകളിൽ പരിയാരം സ്വദേശിയായ ഡ്രൈവർ എത്തിയത് കണക്കിലെടുത്ത് ഹെൽത്ത് സൂപ്രണ്ട് ഉൾപ്പെടെ 12 പേർ ക്വാറന്റൈനിലായി. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പൈലപ്പൻ, ആദരിക്കപ്പെട്ട ഡ്രൈവർക്ക് ബൊക്കെ സമ്മാനിച്ചിരുന്നു. സ്രവ പരിശോധയ്ക്ക് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവ് നിരാകരിച്ചെന്ന് നിരീക്ഷണത്തിൽ കഴിയുന്ന വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ വ്യക്തമാക്കി.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്. വോട്ട് ചോദിച്ച് ഇപ്പോഴും വാർഡിലെ വീടുകളിൽ കയറിയിറങ്ങുന്നുമുണ്ടെന്ന് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടി.