ചാലക്കുടി: കൊവിഡ് പിടിമുറുക്കുമ്പോഴും മണ്ഡലത്തിലെ കോൺഗ്രസ് ചേരിപ്പോരിന് തെല്ലും ശമനമില്ല. യൂത്തന്മാർക്ക് പണി കൊടുത്ത ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജിന്റെ തന്ത്രമാണ് ഇപ്പോഴും ചർച്ചാ വിഷയം. അതിരപ്പിള്ളി പദ്ധതിക്കെതിരെ എം.എൽ.എ ഓഫീലേക്ക് തങ്ങൾ സംഘടിപ്പിച്ച മാർച്ചിൽ പ്രമുഖ പാർട്ടിക്കാർ ആരും പങ്കെടുക്കാത്തത് ബ്ലോക്ക് പ്രസിഡന്റിന്റെ ഇടപെടലാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. നാനൂറിലധികം പ്രവർത്തകരെ അണി നിരത്തി വാർത്താ പ്രാധാന്യമുണ്ടാക്കൻ യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി ഒരുക്കിയ പ്രതിഷേധ മാർച്ചാണ് ബ്ലോക്ക് പ്രസിഡന്റ് വെട്ടി നിരത്തിയതത്രെ. ക്ഷണിതാവായിട്ടും നേരത്തെ നടന്ന സമരത്തിലും ഐ വിഭാഗക്കാരനായ പ്രസിഡന്റ് എത്തിയില്ലെന്ന് ആരോപണമുണ്ടായി. ഇക്കുറി മറ്റു നേതാക്കളും എത്തിയില്ല. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പനും, ബ്ലോക്ക് പ്രസിഡന്റിന്റെ ഭീഷിണിയ്ക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നു. യു.ഡി.എഫ് ചെയർമാൻ അഡ്വ.സി.ജി. ബാലചന്ദ്രൻ അടക്കം മറ്റു നേതാക്കളുടെ മനംമാറ്റത്തിനും വേരെ കാരണം ഇവർ കാണുന്നില്ല. ഔദ്യോഗിക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി അനിൽ പരിയാരം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി വിജയിച്ചത് പാർട്ടിയിലെ ഐ ഗ്രൂപ്പിന് രുചിച്ചില്ല. അന്നുമുതൽ യുവജന സംഘടനയുടെ കഷ്ടകാലവും തുടങ്ങിയെന്നാണ് പറയുന്നത്.