വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിക്കുന്ന ഷഹീദോം കോ സലാം ദിവസ് എന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി തലോരിൽ നിർവഹിക്കുന്നു.
പുതുക്കാട്: കമ്മ്യൂണിസ്റ്റ് ചൈനയുടെ ഇന്ത്യാ ആക്രമണത്തിൽ പ്രതികരിക്കാത്ത ഇടതു പാർട്ടികളുടെ രാജ്യസ്‌നേഹം കാപട്യമാണെന്ന് ടി.എൻ. പ്രതാപൻ എം.പി. എക്കാലവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഇന്ത്യക്കെതിരാകുമ്പോൾ ഇടതു പാർട്ടികൾ മൗനം പാലിക്കാറുണ്ട്. ഇപ്പോഴെങ്കിലും പ്രതികരിക്കാൻ ഇടതുപാർട്ടികൾ തയ്യാറാകണം. അതിർത്തിയിൽ നടക്കുന്നത് എന്താണെന്ന് തുറന്നുപറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് രാജ്യത്തെ ചതിക്കുന്നതിന് തുല്യമാണെന്നും എം.പി പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിക്കുന്ന ഷഹീദോം കോ സലാം ദിവസ് എന്ന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം തലോരിൽ നിർവഹിക്കുകയായിരുന്നു എം.പി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. കൃഷ്ണൻകുട്ടി, കെ.വി. പുഷ്പാകരൻ, ജോൺസൺ ആലപ്പാട്ട്, ജെയ്‌മോൻ ജോൺ, ടി.സി. ജോസ് എന്നിവർ പ്രസംഗിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മെഴുകുതിരികൾ കത്തിച്ചു.