ജില്ലയിൽ ഭക്ഷ്യധാന്യ ശേഖരം നൂറു ശതമാനത്തിലേക്ക്
തൃശൂർ: ലോക് ഡൗൺ പ്രതിസന്ധി നിലനിൽക്കുമ്പോഴും ജില്ലയിലെ ഭക്ഷ്യധാന്യ സംഭരണം നൂറു ശതമാനത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ എതാനും ആഴ്ചകളിൽ ഭക്ഷ്യധാന്യ വരവ് കുറഞ്ഞെങ്കിലും പിന്നീട് സജീവമായതോടെയാണ് എഫ്.സി.ഐ ഗോഡൗണുകൾ നിറയുന്നത്.
ആന്ധ്ര, മദ്ധ്യപ്രദേശ്, യു.പി എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതലായും അരി എത്തിയിരുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുമാണ് ഗോതമ്പ് എത്തുന്നത്. ഇവിടെയുള്ള മില്ലുകളിലെ തൊഴിലാളികൾ കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഭക്ഷ്യധാന്യ വരവ് കുറഞ്ഞത്.
ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. പച്ചരി, മട്ട എന്നിവയാണ് ഇപ്പോൾ കൂടുതലായി എത്തിയിരിക്കുന്നത്. സംഭരണം ഇതിനകം 98 ശതമാനത്തിലേക്കെത്തി. അടുത്ത രണ്ടാഴ്ചക്കുള്ളിൽ 52 ബോഗി ഭക്ഷ്യധാന്യം കൂടി ജില്ലയിലെ എഫ്.സി.ഐ ഗോഡൗണുകളായ മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നിവിടങ്ങളിലേക്കെത്തും.
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന അരിയാണ് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക എഫ്.സി.ഐ ഗോഡൗണുകളിലും ഭക്ഷ്യധാന്യ ശേഖരം സംഭരണ ശേഷിയുടെ 90 ശതമനത്തിലധികം എത്തിയിട്ടുണ്ട്. കൊവിഡ് ആശങ്ക നിറഞ്ഞുനിൽക്കുമ്പോഴും എഫ്.സി.ഐയിലെ തൊഴിലാളികൾ ഇതെല്ലാം അവഗണിച്ചാണ് തീവണി വാഗണുകളിൽ എത്തുന്ന ഭക്ഷ്യധാന്യങ്ങൾ ഇറക്കി ഗോഡൗണുകളിൽ സംഭരിക്കുന്നത്.
ഭക്ഷ്യധാന്യ ശേഖരം ഇപ്പോഴുള്ളത് നാലു മാസത്തേക്ക്
മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗൺ
സംഭരണ ശേഷി- 50000 മെട്രിക് ടൺ
സംഭരിച്ച ഭക്ഷ്യധാന്യം- 48000 മെട്രിക് ടൺ
അരി- 40800 മെട്രിക് ടൺ
ഗോതമ്പ്- 7200 മെട്രിക് ടൺ
ചാലക്കുടി ഗോഡൗൺ
സംഭരണ ശേഷി- 10000 മെട്രിക് ടൺ
സംഭരിച്ച ഭക്ഷ്യധാന്യം- 8000 മെട്രിക് ടൺ
അരി- 6000 മെട്രിക് ടൺ
ഗോതമ്പ്- 2000 മെട്രിക് ടൺ