തൃശൂർ: സംസ്ഥാനത്തെ എഫ്.സി.ഐയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും സ്വകാര്യ ആശുപത്രികളിൽ നിന്ന് ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നു. എഫ്.സി.ഐ മാനേജ്‌മെന്റ് അധികൃതർ സ്വകാര്യ ആശുപത്രികളുമായുള്ള കരാർ പുതുക്കാത്തത് മൂലമാണ് ജീവനക്കാരും തൊഴിലാളികളും പ്രതിസന്ധിയിലാകുന്നത്.

മെഡിക്കൽ കോളേജിൽ നിന്ന് മാത്രമാണ് ഇപ്പോൾ ചികിത്സാ ആനുകൂല്യം ലഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം മെഡിക്കൽ കോളേജുകളും രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ ദുരിതമാകുന്നുണ്ട്. ചെന്നൈ റീജ്യന്റെ കീഴിലാണ് കേരളത്തിലെ എഫ്.സി.ഐയുടെ പ്രവർത്തനം. സ്ഥലം മാറിയെത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ പക്ഷം.

കാൻസർ, ഹൃദയ സംബന്ധമായ അസുഖം തുടങ്ങി എല്ലാത്തരം രോഗങ്ങൾക്കും സൗജന്യ ചികിത്സ മുൻപ് ലഭ്യമായിരുന്നു. സംസ്ഥാനത്തെ നാലായിരത്തോളം തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്നു ഇത്. എഫ്.സി.ഐ മാനേജ്‌മെന്റ് തൊഴിലാളികളോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും സംയുക്ത തൊഴിലാളി യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.

പലയിടത്തും തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെ ജൂലായ് ഏഴിന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ കയറ്റിറക്ക് സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.