കയ്പമംഗലം: വിനീഷിനും കുടുംബത്തിനും ഇനി സ്വസ്ഥമായി ഉറങ്ങാം. പ്രതിസന്ധികളെ സധൈര്യം നേരിട്ട വിനീഷിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ പൂർണമായും തകർന്നടിഞ്ഞ കാളമുറി കാഞ്ഞിരപ്പറമ്പിൽ ക്ഷേത്രം റോഡിൽ ഗ്രാമ ലക്ഷ്മി നഗറിൽ മാടേനി ദാമോദരൻ മകൻ വിനീഷിന്റെ ഭവനമാണ് തൃപ്രയാർ ലയൺസ് ക്ലബ് ഏറ്റെടുത്ത് പുനർനിർമ്മിച്ച് കൈമാറിയത്.
ഭാര്യ വിജി, ഹൃദയശസ്ത്രയ്ക്ക് വിധേയയായ 6 വയസുള്ള മകൾ അയനാഞ്ജലി, 45 ദിവസം മാത്രം പ്രായമുള്ള മകൻ, മാതാപിതാക്കൾ എന്നിവർക്കൊപ്പം നിറഞ്ഞ മനസോടെ വിനീഷ് തന്റെ പുതിയ ഭവനത്തിൽ പ്രവേശിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺ ഡിസ്ട്രിക്ട് 318 ഡിയുടെയും ഏറ്റവും സുപ്രധാന പ്രൊജക്ടുകളിൽ ഒന്നായ ഹോംസ് ഫൊർ ഹോംലെസ് എന്ന പദ്ധതിയിലൂടെ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ 'ലയൺസ് സ്‌നേഹഭവനം' പൂർത്തിയാക്കിയത്.
ഇന്നലെ നടന്ന ഗൃഹപ്രവേശനച്ചടങ്ങിൽ പുതിയ വീടിന്റെ താക്കോൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ കൈമാറി. ലയൺ ഡിസ്ട്രിക് 318 ഡിയുടെ ഗവർണർ എം.ഡി. ഇഗ്‌നേഷ്യസ് ഗൃഹപ്രവേശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.എ. ആന്റണി അദ്ധ്യക്ഷനായി. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഹോം ഫൊർ ഹോംലെസിന്റെ ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർ എം.കെ. ശിവദാസൻ, പദ്ധതി കോ- സ്‌പോൺസറും ഹോം ഫൊർ ഹോംലെസിന്റെ ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ ബി.എൻ. രവീന്ദ്ര ബാബു, ഡിസ്ട്രിക്ട് സ്‌പോർട്‌സിന്റെ ഡിസ്ട്രിക് കോ- ഓർഡിനേറ്റർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.