തൃശൂർ: കാലവർഷം കടുത്തതോടെ ദേശീയ പാത 544ൽ മണ്ണുത്തി - വടക്കഞ്ചേരി മേഖലകളിലെ റോഡ് ഗതാഗതം അപകടാവസ്ഥയിൽ. മുൻ വർഷങ്ങളിലെ പോലെ മലയിടിച്ചിലും മണ്ണിടിച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യതയുള്ള മേഖലകളിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
തൃശൂർ - ആലത്തൂർ എം.പിമാർ, ഒല്ലൂർ എം.എൽ.എ, പാലക്കാട് - തൃശൂർ കളക്ടർമാർ, ദേശീയപാതാ അതോറിറ്റി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ഫയർ ഫോഴ്‌സ്, പൊലീസ്, റോഡ് ട്രാൻസ്‌പോർട്ട് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിക്കണമെന്നാണ് എം.പിയുടെ ആവശ്യം.