തൃശൂർ: ഏനാമാവ് ബണ്ട് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രം പൊളിക്കാൻ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. തത്കാലം ബണ്ട് പൊളിക്കില്ലെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഏനാമാവ് ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ട്രയൽ റൺ നടത്തി പ്രവർത്തനം ഉറപ്പുവരുത്തിയതായി എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി വീഡിയോ കോൺഫറൻസിലൂടെ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറാണ് വിഷയം ഉന്നയിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നതായി മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകണം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത പട്ടികവർഗക്കാരെ കണ്ടെത്താനുള്ള സർവേ ജൂൺ 30നകം പൂർത്തിയാക്കി വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ മന്ത്രി നിർദേശിച്ചു. ഇവരെ ലൈഫിൽ എത്രയും വേഗം ഉൾപ്പെടുത്തും.
യോഗത്തിൽ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷനായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.