തൃശൂർ: കോർപറേഷൻ പരിധിയിൽ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം കുറച്ചെങ്കിലും നഗരത്തിൽ കർശന ജാഗ്രത തുടരുന്നു. പ്രധാനകേന്ദ്രമായ തേക്കിൻകാട് ഡിവിഷനിലും പള്ളിക്കുളം ഡിവിഷനിലും നിയന്ത്രണം ഉള്ളതിനാൽ നഗരം ശാന്തമാണ്. അത്യവാശ്യ വാഹനങ്ങൾ മാത്രമാണ് സ്വരാജ് റൗണ്ടിലേക്ക് കടത്തിവിടുന്നത്.
ബസ്, ടാക്‌സി, ഓട്ടോ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരുന്നുണ്ട്. ബസുകൾക്ക് താത്കാലിക സ്റ്റാൻഡ് വരെ മാത്രമാണ് പ്രവേശനം. അന്യസംസ്ഥാനത്ത് നിന്ന് ചരക്ക് ലോറികളുമായി നിരവധി പേർ എത്തുന്നതിനാൽ ശക്തൻമാർക്കറ്റിൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
ശക്തൻ സ്റ്റാൻഡും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ പള്ളിക്കുളം ഡിവിഷനിൽ ഉൾപ്പെടുന്ന ജയ്ഹിന്ദ് മാർക്കറ്റും തുറക്കുന്നില്ല. നിലവിൽ ഏഴ് ദിവസത്തേക്കാണ് നിയന്ത്രണം. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും നടപടി സ്വീകരിക്കുക. ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ ഇല്ലെങ്കിലും നഗരത്തിലെ നിയന്ത്രണം തുടരും.
കണ്ടെയ്മെന്റ് സോണുകൾ
തേക്കിൻകാട്
പള്ളിക്കുളം
കൊക്കാലെ
എൽത്തുരുത്ത്
ഒളരി
ചിയ്യാരം സൗത്ത്