ചാലക്കുടി: സ്വയം നിരീക്ഷണത്തിലായ ചാലക്കുടി നഗരസഭാ ചെയർപേഴ്‌സണും കൂട്ടർക്കും കൊവിഡ് വൈറസ് ഇല്ലെന്ന് സ്ഥിരീകരണം. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ ഇവർ പ്രവർത്തന നിരതരാകും. കൊവിഡ് ഭീതിയിൽ നിറുത്തിവച്ച നഗരസഭാ കാര്യാലയത്തിന്റെ പ്രവർത്തനവും തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. കൂടുതൽ നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവർത്തനം. ആരോഗ്യ വിഭാഗത്തിലെ ഡ്രൈവർക്ക് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ സ്രവ പരിശോധനയ്ക്ക് വിധേയരാവുകയും ഫലം പുറത്തുവരും വരെ വീട്ടിൽ കഴിഞ്ഞു കൂടാനും തീരുമാനിച്ചത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, കൗൺസിലർമാരായ വി.ജെ. ജോജി, പ്രതിപക്ഷത്തെ എം.എ. ജോസ്, എം.പി. ഭാസ്‌കരൻ എന്നിവരും സ്രവ പരിശോധനയ്ക്ക് വിധേയരായി വീട്ടിലിരുന്നു. സെക്രട്ടറി എം.എസ്. ആകാശ് ഉൾപ്പടെ 13 ഉദ്യോഗസ്ഥരുടേയും സ്രവ പരിശോധന നടത്തി. ഇവർക്കും രോഗമില്ലെന്ന് ശനിയാഴ്ച റിപ്പോർട്ടു വന്നു.

ജൂൺ 15നായിരുന്നു കൊവിഡ് ഭീതിയിൽ അകപ്പെട്ട കൗൺസിൽ യോഗം. നേരത്തെ കൊവിഡ് വൈറസ് മൂലം മരിച്ച തച്ചുടപറമ്പ് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച ധീരതയ്ക്ക് അഭിനന്ദനം ഏറ്റുവാങ്ങുന്നതിനാണ് ഡ്രൈവർ പ്രസ്തുത യോഗത്തിലെത്തിയത്. ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ ഡ്രൈവറെ പൂച്ചെണ്ടുകൾ സമ്മാനിച്ച് ആദരിച്ചു. അന്നു രാത്രിയായിരുന്നു ഇയാൾ താമസിക്കുന്ന ആനമല ജംഗ്ഷനിലെ ടൂറിസ്റ്റ് ഹോമിൽ കൊവിഡ് രോഗം ഉണ്ടെന്നറിയാതെ 35 ബംഗാൾ തൊഴിലാളികൾ താമസത്തിനെത്തിയത്. ഇവിടെ വച്ചാണ് ഡ്രൈവർക്ക് രോഗം പിടിപെട്ടതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. സ്രവ പരിശോധനയ്ക്ക് മുമ്പേ ഒരുവട്ടം കൂടി ഇയാൾ നഗരസഭ കാര്യാലയത്തിലെത്തുകയും ചെയ്തു. തുടർന്നായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

കൊവിഡ് രോഗിയെ നഗരസഭയിൽ വിളിച്ചു വരുത്തിയത് ഭരണസമിതിയുടെ ഗുരുതര വീഴ്ചയാണെന്ന് യു.ഡി.എഫ് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. ചെയർപേഴ്‌സന്റെ നിർദ്ദേശം മുഖവിലക്കെടുക്കാതെ പ്രതിപക്ഷ നേതാവ് സ്രവ പരിശോധന നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.