ചാലക്കുടി: ജില്ലയിൽ കൊവിഡ് ഭീതി ഉയർന്നതോടെ ചാലക്കുടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടി. കച്ചവടം നാലിലൊന്നായി ചുരുങ്ങിയെന്നും എല്ലാവിധ സാമഗ്രികളെയും ബാധിച്ചെന്നും കച്ചവടക്കാർ പറയുന്നു.
ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതോടെ നഗരസഭാ കാര്യാലയത്തിന്റെ പ്രവർത്തനവും നിലച്ചു. ജനങ്ങളുടെ ഇടയിൽ ഇത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണാക്കാൻ നീക്കമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചരണം കൂടിയായപ്പോൾ ജനങ്ങൾക്ക് ആശങ്ക ഇരട്ടിയായി.
സാമൂഹിക അകലം പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകുന്നുണ്ട്. ആശങ്ക പരന്നതോടെ മൂന്നു ദിവസം മുമ്പ് ജനങ്ങൾ ഇടിച്ചുകയറി അവശ്യ സാധനങ്ങളും വലിയ അളവിൽ വാങ്ങിക്കൂട്ടി. തുടർന്ന് ഭൂരിഭാഗവും ചന്തയിലേക്ക് എത്തിയില്ല. ഇതോടെ വ്യാപാരികളെല്ലാം നേരത്തെ കടകളടച്ച് വീട്ടിലിരിക്കുകയാണ്.