തൃശൂർ: മലബാർ കലാപവുമായി ബന്ധപ്പെട്ട് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും, സെക്രട്ടറി എ.പി അഹമ്മദും നടത്തിയ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്ന് നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പലമട്ടിലാണ് സമരങ്ങൾ നടന്നത്. ആ സമരങ്ങളെ യോജിപ്പിക്കാൻ കോൺഗ്രസ് നടത്തിയ പരിശ്രമമാണ് ആ സമരത്തെ വിജയത്തിലെത്തിച്ചത്. മലബാർ സമരത്തിൽ ഹിന്ദു മുസ്‌ളീം ദ്വന്ദ്വം കാണുന്നവർ ഹിന്ദു വർഗീയതയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരോട് ചേർന്നു നിന്ന ഹിന്ദുക്കൾ അന്ന് കൊല ചെയ്യപ്പെട്ടിട്ടുണ്ടാവാം. വാരിയൻകുന്നത്ത് നടത്തിയ ഏറ്റുമുട്ടലിൽ അവർ കൊല്ലപ്പെട്ടിട്ടുമുണ്ടാവും. അതിനെ ഹിന്ദു വിരുദ്ധമായി ചിത്രീകരിക്കാനാവില്ല. മതദ്വന്ദ്വങ്ങളെ സ്വാംശീകരിച്ച സമരമായിരുന്നു സ്വാതന്ത്ര്യസമരം. എല്ലാ മതങ്ങളും സ്വതന്ത്ര സംഘടനകളുണ്ടാക്കി സാമ്രാജ്യത്വത്തിനെതിരെ പോരാടണമെന്ന കോൺഗ്രസിന്റെ ആഹ്വാനം എല്ലാ മതവിഭാഗങ്ങൾക്കിടയിലുമുണ്ടാക്കിയ സ്വാധീനവും പോരാട്ടവീര്യവും കാണാതിരിക്കാനാവില്ല. അതുകൊണ്ട് മലബാർ പ്രദേശത്ത് നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് മലബാർ സമരമെന്ന മാധവൻനായരുടെ നിലപാടാണ് ശരി. ഇപ്പോൾ ഈ പ്രശ്‌നം ഉയർത്തുന്ന സംഘപരിവാർ കേരളത്തെ വർഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും വടക്കേടത്ത് പറഞ്ഞു.