തൃശൂർ: എണ്ണ പര്യവേക്ഷണം മുതൽ പെട്രോളിയം,പ്രകൃതിവാതകം എന്നിവയുടെ ഉല്പാദനം,ശുദ്ധീകരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട സർവ മേഖലകളിലും ഇനിമുതൽ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഉരുക്ക് മാത്രം ഉപയോഗിക്കാൻ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. ആഴക്കടലിലെ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന പ്ളാറ്റ് ഫോം മുതൽ റിഫൈനറികൾ വരെയും തുടർന്ന് വാഹനങ്ങളിലേക്കും വ്യവസായശാലകളിലേക്കും ഇന്ധനവും സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളിൽ പാചകവാതകവും എത്തിക്കുന്നതിൽ വരെ ഉരുക്ക് നിർമ്മിത സാമഗ്രികൾ വൻതാേതിൽ വേണ്ടിവരുന്നുണ്ട്. ഇവയുമായി ബന്ധപ്പെട്ട പൈപ്പ് ലൈനുകൾക്കുതന്നെ ഉരുക്ക് അനിവാര്യമാണ്.
ഉരുക്ക് ഉല്പാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിലും,കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ഒന്നാം സ്ഥാനത്തായ ചൈനയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതി കുറയ്ക്കുകയും ഇന്ത്യയിലെ സ്റ്റീൽ പ്ളാന്റുകളിൽ ഇന്ത്യൻ ഉരുക്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്
ആഭ്യന്തര ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.
രാജ്യത്തെ ഉരുക്കു വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് പുതിയ തീരുമാനം. 9.1 ദശലക്ഷം ടണ്ണാണ് ഇന്ത്യയിലെ പ്രതിവർഷ ഉരുക്ക് ഉല്പാദനം.
....................................................
റിഫൈനറികൾ, പൈപ് ലൈനുകൾ, ഗ്യാസ് ടെർമിനലുകൾ, സംഭരണ കേന്ദ്രങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, റീട്ടെയിൽ ഔട്ട് ലെറ്റുകൾ തുടങ്ങി എണ്ണ, പ്രകൃതി വാതകമേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വൻതോതിൽ വളർച്ചയിലാണ്. സിറ്റി ഗ്യാസ് വിതരണ ശൃംഖല എഴുപത് ശതമാനം ജനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതി, എണ്ണ ശുദ്ധീകരണ ശാലകളുടെ ശേഷി വികസനം തുടങ്ങി പ്രവർത്തനങ്ങൾക്ക് വൻതോതിൽ ഉരുക്ക് വേണ്ടി വരും.
ധർമ്മേന്ദ്ര പ്രധാൻ
പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ വകുപ്പ് മന്ത്രി
.............................................
ആഭ്യന്തര ഉരുക്ക് വ്യവസായത്തെ ആശ്രയിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇറക്കുമതി കുറയ്ക്കുന്നതും ഈ മേഖലയ്ക്ക് ഉത്തേജനം പകരും.
പി. കെ. അഹമ്മദ്
ചെയർമാൻ
പി.കെ സ്റ്റീൽസ് കാസ്റ്റിംഗ് (പ്രൈവറ്റ് ) ലിമിറ്റഡ് (സ്ഥാപക പ്രസിഡന്റ്, കേരള സ്റ്റീൽ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ)