vanitha
വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോളിംഗ്

തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോൾ സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇപ്പോഴും അമ്പത് ശതമാനത്തോളം സമ്പർക്ക സാദ്ധ്യത നിലനിൽക്കുന്നതായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. സമ്പർക്കത്തിലൂടെ രോഗ വ്യാപനം തടയുന്നതിന് അതി ജാഗ്രതയും ശാസ്ത്രീയ പ്രതിരോധ പ്രവർത്തനവുമായി മുന്നേറുകയാണ് ആരോഗ്യ വകുപ്പ്.

സമ്പർക്കം റിപ്പോർട്ട് ചെയ്തതിൽ ഏറെ ഭീഷണിയായത് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു. ഇത് കൂടാതെ രോഗം എങ്ങനെ പിടിപെട്ടു എന്നറിയാത്ത ഒരാൾ കൂടിയുണ്ട് ഈ പട്ടികയിൽ. നിലവിലെ സാഹചര്യത്തിൽ ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കൊവിഡ് ബാധിച്ച ജീവനക്കാരെന്റ സമ്പർക്ക പട്ടിക തയാറാക്കുക ശ്രമകരമാണ്. ഇയാളുമായി ബന്ധമുള്ളവർ അറിയിക്കണമെന്ന നിർദ്ദേശം നൽകാനല്ലാതെ ഇക്കാര്യത്തിൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുക പ്രയാസമാണ്.

യാത്രക്കാർ 40,000

കഴിഞ്ഞ ഏഴ് മുതൽ ഇക്കഴിഞ്ഞ ശനിയാഴ്ച വരെ ജില്ലയിൽ 40,000 ഓളം യാത്രക്കാരാണെത്തിയത്. മലപ്പുറം ജില്ല കഴിഞ്ഞാൽ കൂടുതൽ പേരെത്തിയത് ഇവിടെയാണ്. ഇതിൽ ഒരു ശതമാനം പോലും രോഗികൾ ഇല്ലാത്തത് ജില്ലയ്ക്ക് ആശ്വാസമാണ്. അഞ്ചിനും പത്തിനും ശതമാനത്തിനുള്ളിൽ രോഗികളെ പ്രതീക്ഷിച്ചിരുന്നു.

കണ്ടെയ്ൻമെന്റ് സോൺ

ഒരു രോഗിയുടെ സമ്പർക്കത്തിൽ 10 പ്രാഥമിക സമ്പർക്കക്കാരോ അല്ലെങ്കിൽ 25 സെക്കൻഡറി സമ്പർക്കക്കാരോ ഉണ്ടെങ്കിൽ ആ മേഖലയെ കണ്ടെയ്ൻമെന്റ് സോണാക്കും. രോഗിക്ക് മറ്റുള്ളവരെയോ മറ്റുള്ളവർക്ക് രോഗിയേയോ കാണാൻ യാതൊരു അവസരവും കണ്ടെയ്ൻമെന്റ് സോണിൽ ലഭിക്കില്ല.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 60

ആരോഗ്യ പ്രവർത്തകർ 17
വെറ്ററിനറി ജീവനക്കാർ 2
സ്വകാര്യ ഡെന്റൽ സർജൻ 1
ഹെൽത്ത് വളണ്ടിയർ 1
ചുമട്ടു തൊഴിലാളികൾ 4
കോർപറേഷൻ - ശുചീകരണ തൊഴിലാളികൾ 7
മുനിസിപ്പൽ സ്റ്റാഫ് 1
ഉറവിടം അറിയാത്ത കേസ് 1
കുടുംബക്കാരിൽ നിന്ന് രോഗം പകർന്നവർ 26


ഒപ്പം നിന്ന് പൊലീസ്

ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊലീസും ഒപ്പമുണ്ട്. രോഗികളുടെ എണ്ണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

പുറത്തിറങ്ങിയാൽ പിടിവീഴും

നിരീക്ഷണത്തിലിരിക്കുന്നവർ പുറത്ത് കടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടുന്നുണ്ട്. ഇവർ പൊലീസിന് നൽകിയ ഫോൺ നമ്പർ പ്രകാരം ലൊക്കേഷൻ പരിശോധിക്കുന്ന സംവിധാനവും ശക്തമാക്കി.

വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോളിംഗ്

വനിതാ ബുള്ളറ്റ് ടീം സിറ്റി പൊലീസ് പരിധിയിൽ ശക്തമായ ഇടപെടലാണ് നടത്തുന്നത്. വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.വി സിന്ധുവിന്റെ നേതൃത്വത്തിൽ 12 പേരാണ് ടീമിൽ ഉള്ളത്. എല്ലാ ദിവസവും നിരീക്ഷണത്തിലിരിക്കുന്നവരുടെ വീട്ടിലെത്തി വേണ്ട നിർദ്ദേശങ്ങളും സാമഗ്രികളും നൽകി വരികയാണ് ഈ സംഘം.

............

ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്, എതെല്ലാം തരത്തിൽ അശ്രദ്ധ കാണിക്കുന്നു അതെല്ലാം ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്ക് നയിക്കും

കെ.ജെ റീന, ഡി.എം.ഒ