shamna

വാടാനപ്പള്ളി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ റഫീഖും സംഘവും ഫോണിലൂടെ പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിനിയോട് വിവാഹാഭ്യർത്ഥന നടത്തി 16 ലക്ഷം തട്ടിയെന്ന് പരാതി. റഫീഖിന്റെ സ്വന്തം സ്ഥലമാണ് വാടാനപ്പിള്ളി. വിവാഹാലോചനയ്ക്കായി വീട്ടിൽ വരുന്നുണ്ടെന്ന് വിശ്വസിപ്പിച്ച റഫീഖും കൂട്ടുപ്രതി സലാമും 'മുസ്ലിം തങ്ങൾ' വിഭാഗത്തിലേതെന്ന് പറഞ്ഞ് മറ്റൊരാളെ യുവതിക്ക് പരിചയപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളുടെ ഷോ റൂം ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹാലോചന. വിവാഹാലോചനയ്ക്ക് വീട്ടിൽ വരുന്നുണ്ടെന്ന് യുവതിയെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വരാതിരിക്കും. ഇതിനിടെ 2018 മുതൽ 2019 വരെ പലപ്പോഴായി യുവതിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി പതിനാറ് ലക്ഷം തട്ടിയെടുത്തു.

പല തവണ ക്ഷണിച്ചിട്ടും വീട്ടിലേയ്ക്ക് വരാതിരുന്നതോടെയാണ് യുവതിക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. പണം തിരിച്ച് ചോദിച്ചതോടെ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. യുവതി വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഷംനാ കാസിം സംഭവത്തോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

ആവശ്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ആൾമാറാട്ടം നടത്തിയുമാണ് പണം തട്ടിയെടുത്തതെന്ന് വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടർ പി.ആർ ബിജോയ് പറഞ്ഞു. കൂട്ടു പ്രതികൾ ഉണ്ടാകാമെന്നും അന്വേഷണം തുടരുകയാണെന്നും സൂചിപ്പിച്ചു.