എരുമപ്പെട്ടി: മരത്തംകോട്, പന്നിത്തടം സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹറിനിൽ നിന്നെത്തിയ മരത്തം കോട് സ്വദേശിയായ 46 കാരനും, ദുബായിൽ നിന്നെത്തിയ പന്നിത്തടം സ്വദേശിയായ 23 കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നതിനാൽ ആശങ്കയ്ക്ക് ഇടമില്ല.
കഴിഞ്ഞ 26 നാണ് ഇവർ നാട്ടിലെത്തിയത്. ഇവർ വന്ന രണ്ട് വിമാനങ്ങളിലും കൊവിഡ് ബാധിതൻ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇന്ന് വന്ന റിപ്പോർട്ടിൽ സമ്പർക്കത്തിലൂടെ ഇവർക്ക് കൊവിഡ് പകർന്നതായി കണ്ടെത്തുകയായിരുന്നു. പന്നിത്തടം സ്വദേശിയായ യുവതി കുടുംബത്തോടൊപ്പമാണ് ദുബായിൽ നിന്നെത്തിയത്.
അഞ്ചംഗ കുടുംബത്തിൽ യുവതിയുടെ പരിശോധനാ ഫലം മാത്രമാണ് കൊവിഡ് പോസിറ്റീവായത്. കടങ്ങോട് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥരുടെ നിരീക്ഷണത്തിലാണ് ഇവർ കഴിയുന്നത്. കൊവിഡ് ബാധിതർക്ക് യാതൊരു രോഗലക്ഷണവും ഇതുവരെ പ്രകടമായിട്ടില്ല. ഇവരുടെ ആരോഗ്യ നില പൂർണ്ണ തൃപ്തികരമാണ്. ക്വാറന്റൈനിൽ കഴിയുന്നതിനാൽ സമൂഹ വ്യാപനത്തിന് സാദ്ധ്യതയില്ലെന്നും ആശങ്കയ്ക്കിടയില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.