വടക്കാഞ്ചേരി: കൊവിഡ് കാലത്ത് ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവരോട് കൈ നീട്ടുകയാണ് മൈസൂരിൽ നിന്നെത്തിയ പത്തോളം കുടുംബം. വടക്കാഞ്ചേരി മേൽപ്പാലത്തിന് താഴെയാണ് ഇവരുടെ അന്തിയുറക്കം.വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ ശേഖരിച്ചും, ചെറിയ ജോലികൾ ചെയ്തുമാണ് ഉപജീവനം നടത്തുന്നത്.
വെയിലും മഴയുമേറ്റ് പാലത്തിന് ചുവട്ടിൽ കഴിഞ്ഞ കുടുംബങ്ങളെ കൊവിഡിന്റെ ആരംഭ ഘട്ടത്തിൽ പ്രത്യേക ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം കഴിച്ച് മൂന്നു മാസം വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കുളിലെ ക്യാമ്പിൽ കഴിച്ചുകൂട്ടി. ക്യാമ്പ് അടച്ചതോടെയാണ് വീണ്ടും കുടുംബങ്ങൾ മേൽപ്പാലത്തിനടിയിലെത്തിയത്.
പണിയെടുക്കാൻ കഴിയാത്ത വയോവൃദ്ധരടക്കം കുടുംബങ്ങളിലുണ്ട്. മൈസൂരിൽ നിന്നെത്തിയവരാണ് സ്ത്രീകളടക്കമുള്ള സംഘം. കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വേണ്ടത്ര ആരോഗ്യ സുരക്ഷയില്ലാതെ മേൽപ്പാലത്തിന് കീഴെ താമസിക്കുന്നവരിൽ നിന്ന് മുഖം തിരിക്കുകയാണ് പൊലീസും ആരോഗ്യ പ്രവർത്തകരും.
ഒരു നേരത്തെ ഭക്ഷണത്തിനായി ഇവർ അലഞ്ഞു തിരിയുന്നത് രോഗം പടരാൻ കാരണമായേക്കുമെന്നാണ് ആശങ്ക. മന്ത്രി എ.സി. മൊയ്തീന്റെ വസതിയിലേക്ക് പോകുന്ന വഴിയിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. നേരത്തെ അലഞ്ഞു നടന്നിരുന്ന ഒരു ഭിക്ഷക്കാരനെ മന്ത്രി ഇടപെട്ട് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് നീക്കണമെന്നാണ് പൊതുജനാവശ്യം.
സംരക്ഷണം ഒരുക്കണം
ഭക്ഷണത്തിന് പോലും വകയില്ലാതെ റെയിൽവേ സ്റ്റേഷനിൽ വരെ മൈസൂരിൽ നിന്നുള്ള ഈ കുടുംബങ്ങളിലെ അംഗങ്ങൾ കൈനീട്ടി നടക്കുന്നുണ്ട്. നഗരസഭയാണ് നടപടി സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനമെടുത്ത് ഇവരെ സംരക്ഷിക്കണം.
- എസ്.എസ്.എ. ആസാദ്