ചേലക്കര: കൊണ്ടാഴി പഞ്ചായത്ത് പരിധിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹാരാഷ്ട്രയിൽ നിന്നുവന്ന മായന്നൂർ സ്വദേശിനിയായ 58കാരിയും സഹോദരനായ 60 വയസുകാരനും വീട്ടിൽ വന്ന് നിരീക്ഷണത്തിൽ ഇരിക്കവേ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈയിൽ നിന്നെത്തിയ ചേലക്കോട് സ്വദേശിക്കും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിതീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബം സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡവും പാലിച്ചതിനാൽ സാമൂഹിക വ്യാപനത്തിന് സാദ്ധ്യതയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പഞ്ചായത്ത് പ്രസിഡന്റെ സുലേഖ പ്രദീപ് അറിയിച്ചു.
കൊവിഡ് പോസിറ്റീവായതിന്റെ പാശ്ചാത്തലത്തിൽ വീടിനു പരിസരത്തുള്ള പ്രദേശം ശുചീകരിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. ജലജകുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. രാധാകൃഷ്ണൻ, പ്രതീഷ്, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.