ചാലക്കുടി: നഗരസഭയിലെ വനിതാ കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെയർപേഴ്‌സണും വൈസ് ചെയർമാനും ഔദ്യോഗികമായി ക്വാറന്റൈനിൽ പ്രവേശിച്ചു. ചെയർപേഴ്സൺ ജയന്തി പ്രവീൺ കുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർക്ക് പുറമെ സെക്രട്ടറി എം. എസ് ആകാശ്, ഹെൽത്ത് സൂപർവൈസർ ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ക്വാറന്റൈനിലേയ്ക്ക് പോയത്. ഇതോടെ നഗരം കനത്ത ജാഗ്രതയിലായി. ഞായറാഴ്ച രാവിലെ ചന്തയിൽ ഫയർഫോഴ്‌സ് അണുനശീകരണം നടത്തിയിരുന്നു. ഈ സമയത്ത് വനിതാ കൗൺസിലർ സ്ഥലത്തെത്തി. സ്രവം പരിശോധനയ്ക്ക് നൽകി സ്വയം വീട്ടിൽ നീരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരുടെ പരിശോധനാ ഫലം ഉച്ചതിരിഞ്ഞായിരുന്നു പുറത്ത് വന്നത്. ഇതോടെ കൗൺസിലറുടെ വീട്ടുകാരും നിരീക്ഷണത്തിലായി.