തൃശൂർ : നെൽക്കർഷകരിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ച നെല്ലിന്റെ വില മൂന്ന് മാസമായിട്ടും കൊടുത്ത് തീർത്തില്ല. 35 കോടിയോളം രൂപയാണ് ആയിരത്തോളം കർഷകർക്ക് നൽകാനുള്ളത്. അടുത്ത കാർഷിക കലണ്ടർ ആരംഭിക്കാനിരിക്കെയാണ് വാങ്ങിയ നെല്ലിന്റെ വില നൽകാതിരിക്കുന്നത്.

കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ തുക സർക്കാർ നിശ്ചയിക്കുന്ന ബാങ്കുകൾ വഴിയാണ് നൽകുന്നത്. സർക്കാരും ബാങ്കുകളും തമ്മിലുള്ള കരാർ പ്രകാരം ബാങ്കുകൾ വായ്പയായിട്ടാണ് കർഷർക്ക് തുക നൽകുന്നത്. ഇതിന്റെ പലിശ സർക്കാർ ബാങ്കുകൾക്ക് നൽകുന്ന രീതിയാണ് തുടർന്ന് വരുന്നത്. എന്നാൽ കേരള ബാങ്ക് വഴി രജിസ്റ്റർ ചെയ്തവർക്കാണ് പണം ലഭിക്കാതെ വന്നത്. പാഡി ഓഫീസ് വഴി ഓവർ ഡ്രാഫ്റ്റ് എടുത്താണ് പണം നൽകുന്നത്. കേരള ബാങ്കിൽ നിന്ന് 100 കോടി രൂപയാണ് എറണാകുളം പാഡി ഓഫീസ് വഴി എടുത്തത്. എന്നാൽ കർഷകർക്ക് 135 കോടി രൂപയോളം നൽകാനുണ്ടായിരുന്നു.

വായ്പാ പരിധി നൂറ് കോടി കഴിഞ്ഞതോടെ ജില്ലാ സഹകരണ ബാങ്ക് കർഷകർക്ക് പണം നൽകുന്നത് നിറുത്തിവച്ചു. ഇതോടെയാണ് കർഷകർ ദുരിതത്തിലായത്. നെല്ല് നൽകിയ കർഷകർക്ക് പണം നൽകാൻ മറ്റ് ബാങ്കുകളെ സമീപിക്കാൻ പാഡി ഓഫീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നം നീണ്ടു പോകുകയാണ്. ഇതിനിടെ റീജ്യണൽ പാഡി ഓഫീസിൽ ആവശ്യത്തിന് ഫണ്ടില്ലാത്തതാണ് വായ്പയെടുക്കാൻ വൈകുന്നതെന്നും പറയുന്നു.

കാട്ടകാമ്പൽ, പോർക്കുളം, കാറളം, അയ്യന്തോൾ, കൂർക്കഞ്ചേരി, അടാട്ട്, തോളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കർഷകർക്കാണ് പ്രധാനമായും പണം ലഭിക്കാത്തത്. കഴിഞ്ഞ വർഷം സർക്കാർ നൽകേണ്ട തുക കൃത്യമായി അടയ്ക്കാത്തത് മൂലം ബാങ്കുകാർ കർഷകർക്ക് ജപ്തി നോട്ടീസ് അയച്ചത് ഏറെ വിവാദമായിരുന്നു.


ആകെ രജിസ്റ്റർ ചെയ്ത കർഷകർ 42,318

ആകെ കൊടുക്കാനുള്ള തുക 272.72 കോടി

ഇതുവരെ കൊടുത്തത് 239.59 കോടി

ബാക്കി 33.13 കോടി

പണം ലഭിച്ച കർഷകർ 29,268

നെല്ലിന്റെ സംഭരണ തുക

കിലോയ്ക്ക് 26.95 രൂപ

കേന്ദ്ര വിഹിതം 18.15 രൂപ

സംസ്ഥാന വിഹിതം 8.80 രൂപ

............

കർഷകർക്ക് നൽകാനുള്ള തുക കൊടുത്തു തീർക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണ്


ജ്യോതി ലക്ഷ്മി

ജില്ലാ പാഡി പെമെന്റ് ഓഫീസർ

.........

കർഷക സംഘം സമരത്തിലേക്ക്

സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ പാഡി ഓഫീസിനും മുന്നിലും മറ്റ് പ്രധാന ഏട്ട് കേന്ദ്രങ്ങളിലും കേരള കർഷക സംഘം ധർണ്ണ നടത്തും. ഒളരിയിലെ പാഡി ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് ഉദ്ഘാടനം ചെയ്യും