തൃശൂർ : ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മൃഗശാല തൃശൂരിനടുത്തുള്ള പുത്തൂർ വനമേഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഡിസംബർ അവസാനത്തോടെ തൃശൂർ മൃഗശാലയിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റാനാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. 2018 ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ടത്തിൽ പക്ഷിക്കൂട്, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നീ നാലിനം കൂടുകളുടെ നിർമ്മാണം 80 ശതമാനം പൂർത്തീകരിച്ചു. ഈ പ്രവൃത്തികൾക്കായി 20 കോടി രൂപ ഇതിനകം ചെലവഴിച്ചു. ജൂലായ് 31നകം നിർമ്മാണം പൂർത്തീകരിക്കും. മൃഗശാല ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണം കെ.പി.എച്ച്.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.