തൃപ്രയാർ: നാട്ടിക പഞ്ചായത്തിൽ പത്തുവർഷമായി പൂട്ടിക്കിടക്കുന്ന ശ്മശാനം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമരം. പ്രതീകാത്മക ശ്മശാനത്തിന്റെ ഉദ്ഘാടനം നാട്ടിക മേഖലാ സെക്രട്ടരി ചിഞ്ചു സുധീർ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മാസങ്ങൾക്ക് മുമ്പ് നടത്തിയ സമരത്തിന്റെ ഭാഗമായി നാട്ടിക പഞ്ചായത്തിലെ 11 കോളനി നിവാസികൾ ഒപ്പിട്ട് നൽകിയ പരാതി നൽകിയിരുന്നു. മാർച്ച് മാസത്തിനകം ശ്മശാനം തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പും നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ വാക്ക് പാലിക്കാൻ പഞ്ചായത്ത് ഭരണസമിതിക്കോ, അധികാരികൾക്കോ കഴിഞ്ഞില്ല. സമരത്തിൽ നാട്ടിക മേഖല പ്രസിഡന്റ് നിനോ ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നും പ്രതീകാത്മക ശവമഞ്ചം വഹിച്ച് ശ്മശാനത്തിന് മുന്നിലിട്ട് കത്തിച്ച് പ്രതിഷേധിച്ചു. സഖാക്കളായ ആകാശ്, ധനേഷ്, കൊച്ചുണ്ണി, കൃഷ്ണദാസ്, നിഷാ ശ്രീജിത്ത്, ചിപ്പി എന്നിവർ പങ്കെടുത്തു.