ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സയ്ക്ക് നാളെ തുടക്കം. ആനക്കോട്ടയിലെ 47 ആനകളിൽ മദപ്പാടില്ലാത്ത ആനകൾക്കാണ് സുഖചികിത്സ നൽകുന്നത്. മദപ്പാടിലുള്ള ആനകൾക്ക് മദപ്പാട് കഴിയുന്ന മുറയ്ക്ക് സുഖ ചികിത്സ നൽകും. ജൂലായ് 30 വരെയാണ് സുഖ ചികിത്സ. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂർണം, 25 ഗ്രാം മിനറൽ മിക്‌സ്ചർ, 50 ഗ്രാം മഞ്ഞൾപൊടി തുടങ്ങിയവയും വൈറ്റമിൻ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു.
ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദ്ധർ നിശ്ചയിച്ച ഔഷധക്കൂട്ടുകളും, ആരോഗ്യ വർദ്ധക വിഭവങ്ങളുമാണ് സുഖ ചികിത്സയ്ക്കായി ആനകൾക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്.