തൃപ്രയാർ: നാട്ടിക പഞ്ചായത്തിന്റെ ആധുനിക ഗ്യാസ് ക്രമറ്റോറിയത്തിനെതിരെയുള്ള ഡി.വൈ.എഫ്.ഐ നടത്തുന്ന സമരം പ്രഹസനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിനു. 45 ലക്ഷം രൂപയോളം ചെലവ് ചെയ്തു സർക്കാർ അംഗീകൃത ഏജൻസി ആയ തൃശൂർ കോസ്റ്റ്‌ഫോർഡ് ആണ് നിർമാണം പൂർത്തീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെയും, പൊലീസ് മേധാവിയുടെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും അനുമതി കിട്ടി. ശ്മശാനം പ്രവർത്തിപ്പിക്കുന്നതിനുള്ള തൊഴിലാളികളുടെ പരിശീലനവും പൂർത്തീകരിച്ചു. എപ്പോൾ വേണമെങ്കിലും ശ്മശാനം തുറന്നു പ്രവർത്തിക്കാൻ സജ്ജമാണ്. ലോക് ഡൗൺ സമയമായതു കൊണ്ടും കൊവിഡ് കാലത്തെയും ജില്ലാ കളക്ടറുടെ ഔദ്യോഗിക തിരക്കുകൾ കാരണമാണ് നാല് മാസമായിട്ടും ഫയലിൽ ഒപ്പിടാൻ സാധിക്കാതെ വന്നിരിക്കുന്നത്. ജില്ലാ കളക്ടറുടെ മുൻപിൽ അന്തിമ അനുമതിക്കും ശ്മാശാന ലൈസൻസിനുമായി ഫയൽ ഒപ്പിടാൻ മാത്രം അവശേഷിക്കുമ്പോഴുള്ള സമരം നാട്ടികയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂടിയാണെന്ന് പ്രസിഡന്റ് പി. വിനു പ്രസ്താവനയിൽ പറഞ്ഞു.