എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒ.എസ്.എയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന നവീകരിച്ച കവാടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ നിർവഹിച്ചു. മന്ത്രി എ.സി. മൊയ്തീന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്‌കൂൾ വികസന സമിതിയുടെ സഹകരണത്തോടെ വിശാലവും പ്രൗഢിയുമുള്ള പ്രവേശന കവാടം നിർമ്മിക്കുന്നത്.
13 മീറ്റർ വീതിയും അഞ്ചര മീറ്റർ ഉയരവുമുള്ള കവാടത്തിന്റെ നിർമ്മാണത്തിന് 6.18 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. പൂർവ വിദ്യാർത്ഥിയായ പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള ആകൃതി കൺസപ്റ്റേഴ്സാണ് നിർമ്മാണ ചുമതല വഹിക്കുന്നത്. ഒ.എസ്.എ പ്രസിഡന്റ് എം.ടി. വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.എം. അഷറഫ്, ഒ.എസ്.എ സെക്രട്ടറി കെ.എ. ഫരീദലി, പ്രധാന അദ്ധ്യാപകൻ എ.എ. അബ്ദുൾ മജീദ്, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, ജനപ്രതിനിധികളായ എൻ.കെ. കബീർ, സഫീന അസീസ്, അനിത വിൻസെന്റ്, റോസി പോൾ, സ്‌കൂൾ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമോൻ കരിയന്നൂർ, ബാബു ജോർജ്ജ്, ഹേമ ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.